ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യാന്തര വിപണിയില്‍ നാണയപ്പെരുപ്പ ഭീഷണി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്ന് അമെരിക്കന്‍ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയതോടെ ഇന്ത്യയില്‍ സ്വര്‍ണം കനത്ത വില്‍പ്പന സമ്മർദം നേരിടുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ നിന്നും വന്‍ തോതില്‍ പണം പിന്‍വലിക്കുകയാണ്.
ഈ മാസം വീണ്ടും പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ വ്യക്തമാക്കിയതിനു പിന്നാലെ ഡോളറിന്റെ മൂല്യം മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയിരുന്നു. ഇതോടെ സ്വര്‍ണ വില പത്ത് ഗ്രാമിന് 58837 രൂപയില്‍ നിന്നും 55,000 രൂപയിലേക്ക് മൂക്കുകുത്തി. ഇതോടൊപ്പം വെള്ളിയുടെ വില കിലോഗ്രാമിന് 77, 949 രൂപയെന്ന റെക്കോഡില്‍ നിന്നും 61,580 രൂപയിലേക്ക് താഴ്ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1810 ഡോളറിലേക്ക് എത്തിയിരുന്നു. അമെരിക്കയില്‍ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായില്ലെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1,600 ഡോളറിലും താഴെയെത്താന്‍ ഇടയുണ്ടെന്ന് പ്രമുഖ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
വിപണിയിലെ പണ ലഭ്യത കുറച്ച് വിലക്കയറ്റം പിടിച്ചു നിർത്താനായുള്ള നടപടികളുടെ ഭാഗമായാണ് ഫെഡറല്‍ റിസര്‍വ് പലിശ വർധിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടന്ന് സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരാനായി അമെരിക്കന്‍ കേന്ദ്ര ബാങ്ക് വന്‍തോതില്‍ വിപണിയില്‍ പണ ലഭ്യത വർധിപ്പിരുന്നു. ഇതേത്തുടര്‍ന്ന് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതിനാലാണ് ഇപ്പോള്‍ റിവേഴ്സ് ധന നയത്തിലേക്ക് നീങ്ങുന്നത്. ഇതോടെ സ്വര്‍ണം, ഓഹരി, ലോഹങ്ങള്‍ എന്നിവയില്‍ നിന്നും വന്‍കിട നിക്ഷേപകര്‍ പണം വലിയ തോതില്‍ പിന്‍വലിക്കുകയാണ്.
എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ദീര്‍ഘകാലത്തേക്ക് തുടരാനിടയില്ലെന്ന് കൊച്ചിയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ധനുമായ ബിനോയ് തോമസ് പറയുന്നു. ഒരു പരിധിയിലധികം ഡോളര്‍ ശക്തിയാര്‍ജിച്ചാല്‍ അമെരിക്കന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത കുറയുമെന്നതിനാല്‍ മറ്റ് തിരുത്തല്‍ നടപടികള്‍ക്കാവും അമെരിക്കന്‍ റിസര്‍വ് ഊന്നല്‍ നല്‍കുക. അമെരിക്കയും യൂറോപ്പും കടുത്ത മാന്ദ്യത്തിലായതിനാല്‍ ആറ് മാസത്തിനുള്ളില്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.