ഇവി വില്‍പ്പന താഴോട്ട് 
Business

ഇവി വില്‍പ്പന താഴോട്ട്

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സബ്സിഡി പദ്ധതി നിർത്തലാക്കിയതും ഉപയോക്തൃ താത്പര്യങ്ങളിലുണ്ടായ മാറ്റവും വൈദ്യുത വാഹന വിപണിക്ക് കടുത്ത പ്രതിസന്ധിയാകുന്നു. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡി ആനുകൂല്യം ലഭ്യമാക്കുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഒഫ് ഇലക്‌ട്രിക് വെഹിക്കിള്‍സ് -2 (ഫെയിം-II) പദ്ധതി കഴിഞ്ഞ മാര്‍ച്ച് 31ന് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിമിത ആനുകൂല്യങ്ങളോടെ ജൂലൈ വരെ നീളുന്ന ഇലക്‌ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്കീം പ്രഖ്യാപിച്ചെങ്കിലും വിപണിയില്‍ ചലനമുണ്ടാക്കാനായില്ല. ഏതാനും കമ്പനികളുടെ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേട്ടം.

ഉപയോക്തൃ പരിഗണന ഇലക്‌ട്രിക്കില്‍ നിന്ന് ഹൈബ്രിഡ് വാഹനങ്ങളിലേക്ക് (ഇലക്‌ട്രിക് മോട്ടോറിനൊപ്പം പെട്രോള്‍/ഡീസല്‍ എന്‍ജിനുള്ള വാഹനം) മാറിയതും പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നിരവധി ഉപയോക്താക്കള്‍ മാറ്റിവച്ചതും വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞമാസം ദേശീയതലത്തില്‍ വൈദ്യുത വാഹന വില്‍പ്പന 2023 മേയിലെ 1.58 ലക്ഷത്തെ അപേക്ഷിച്ച് 22.3 ശതമാനം ഇടിഞ്ഞ് 1.23 ലക്ഷത്തിലെത്തി. കേരളത്തിലും വൈദ്യുത വാഹന വില്‍പ്പന തളര്‍ച്ചയുടെ ട്രാക്കിലാണെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2023 മേയില്‍ സംസ്ഥാനത്ത് 7,393 ഇലക്‌ട്രിക് ടൂവീലറുകള്‍ വിറ്റുപോയിരുന്നു. കഴിഞ്ഞ മാസത്തെ വില്‍പ്പന 4,209 എണ്ണം മാത്രമാണ്. ഇലക്‌ട്രിക് കാര്‍ വില്‍പ്പന 964ല്‍ നിന്ന് 744ലേക്കും കുറഞ്ഞു. അതേസമയം, ത്രീവീലര്‍ വില്‍പ്പന 296ല്‍ നിന്ന് 333 എണ്ണമായി ഉയര്‍ന്നു.

ഇക്കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് സംസ്ഥാനത്ത് വില്‍പ്പന കഴിഞ്ഞമാസം അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ 3,427 ഇലക്‌ട്രിക് ടൂവീലറുകളായിരുന്നു വിറ്റുപോയത്. 240 ഇ-ത്രീവീലറുകളും വിറ്റുപോയി. അതേസമയം, ഇലക്‌ട്രിക് കാര്‍ വില്‍പ്പന 1,054 എണ്ണമായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ