#ബിസിനസ് ലേഖകൻ
കൊച്ചി: പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാത്തതിനാല് വീണ്ടും മുഖ്യ പലിശ നിരക്കുകള്‍ ഉയര്‍ത്തി അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികള്‍ കാര്യമായി വിജയിക്കാത്തതിനാല്‍ ഇന്നലെ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് കാല് ശതമാനം കൂടി വർധിപ്പിച്ചു.
ഇതോടെ അമെരിക്കയിലെ പലിശ നിരക്ക് 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. കഴിഞ്ഞ 12 ധന അവലോകന യോഗങ്ങളില്‍ 11 തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തിയത്. വരും ദിവസങ്ങളില്‍ നാണയപ്പെരുപ്പ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തുമെന്നും ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കി. അതിരൂക്ഷമായി തുടരുന്ന ഭക്ഷ്യ, ഇന്ധന വിലക്കയറ്റം സാമ്പത്തിക മേഖലയ്ക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കുന്നതിനാലാണ് കടുത്ത നടപടികളിലേക്ക് അമെരിക്കന്‍ കേന്ദ്ര ബാങ്ക് കടക്കുന്നത്.
വിപണിയിലെ നാണയപ്പെരുപ്പ സാധ്യത കണക്കിലെടുത്ത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ജപ്പാനിലെ കേന്ദ്ര ബാങ്കും വരും ദിവസങ്ങളില്‍ മുഖ്യ പലിശ നിരക്ക് ഉയര്‍ത്തിയേക്കും. ഇതിനു ചുവടുപിടിച്ച് ഇന്ത്യയിലെ റിസര്‍വ് ബാങ്കും മുഖ്യ പലിശ നിരക്കായ റിപ്പോയില്‍ 0.25 ശതമാനം മുതല്‍ 0.5 ശതമാനം വരെ വർധന അടുത്തമാസം നടക്കുന്ന ധന അവലോകന യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ലോക വിപണിയില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെയും ഇന്ധനത്തിന്റെയും ലോഹങ്ങളുടെയും ചരിത്രത്തില്‍ ഇന്നേ വരെയില്ലാത്ത തരത്തില്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് വിപണിയിലെ പണ ലഭ്യത കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ വർധിപ്പിക്കുന്നത്. കൊവിഡാനന്തര കാലത്ത് സാമ്പത്തിക മേഖലയ്ക്ക് ആവേശം പകരാനായി കേന്ദ്ര ബാങ്കുകള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കെജുകളാണ് വിപണിയില്‍ വിലക്കയറ്റ ഭീഷണി രൂക്ഷമാക്കിയത്. എന്നാല്‍ തൊട്ടുപിന്നാലെ റഷ്യയുടെ യുക്രെയ്ന് അധിനിവേശ യുദ്ധം കൂടി വന്നതോടെ ചരക്ക് കൈമാറ്റ പ്രക്രിയകള്‍ അവതാളത്തിലായതോടെ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള ഉത്പന്നങ്ങളുടെ വില ആഗോള വ്യാപകമായി കുതിച്ചുയര്‍ന്നു.
വിപണിയിലെ പണലഭ്യത കുറച്ച് ഉപഭോഗം നിയന്ത്രിക്കാനാണ് പലിശ വർധനയെന്ന വജ്രായുധം കേന്ദ്ര ബാങ്കുകള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണ അമെരിക്കയും ഇംഗ്ലണ്ടും യൂറോപ്യന്‍ യൂണിയനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ പലിശ വർധന തന്ത്രം പയറ്റിയിട്ടും വിലക്കയറ്റം പിടിതരാതെ മുന്നേറുന്നതാണ് ധന വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. പല രാജ്യങ്ങളും നിലവില്‍ ഉയര്‍ന്ന നാണയപ്പെരുപ്പത്തിനൊപ്പം ഭീകരമായ മാന്ദ്യ ഭീഷണി നേരിടുകയാണ്. ഇതോടൊപ്പം പലിശ വർധന സൈക്കിള്‍ കാരണം ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ അമെരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ധന വിപണിയിലെ നിയന്ത്രണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു.