കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി (എംഎസ്എംഇ) സര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയും (ഐസിഎഐ) ചേര്‍ന്നൊരുക്കുന്ന സൗജന്യ ഹെൽപ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം ജൂലൈയില്‍ തുടങ്ങിയേക്കും.
എംഎസ്എംഇകള്‍ക്ക് സാമ്പത്തിക ഇടപാടിന്മേല് ഉപദേശങ്ങളും സഹായങ്ങളും ലഭ്യമാക്കാന്‍ സൗജന്യ ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കാനായി കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വ്യവസായ മന്ത്രി പി. രാജീവ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐസിഎഐ) സ്റ്റാര്‍ട്ടപ്പ് സമിതി ചെയര്മാന് ധീരജ് കുമാര്‍ ഖണ്ടേല്‍വാള്‍ എന്നിവര്‍ തമ്മില്‍ കൊച്ചിയില്‍ ധാരണാപത്രം കൈമാറിയത്. 15 ദിവസത്തിനകം സൗജന്യ ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും ശനിയാഴ്ചകളിലായിരിക്കും സേവനമെന്നും ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് പേരാണ് ഹെല്‍പ്പ് ഡെസ്കിലുണ്ടാവുക. അതിൽ രണ്ടു പേര് ഐസിഎഐയില്‍ നിന്നാണ്. ഒരാള്‍ സര്‍ക്കാര്‍ പ്രതിനിധിയും.
ഐസിഎഐയുടെ സംസ്ഥാനത്തെ 9 ശാഖകളിലാണ് ഹെല്‍പ്പ് ഡെസ്ക് തുറക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഐസിഎഐയില്‍ നിന്നുള്ള അംഗങ്ങള്‍ സജ്ജമായെങ്കിലും പ്രതിനിധിയെ നല്കാന് സര്‍ക്കാര്‍ തയാറാകാതിരുന്നതാണ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം വൈകാനിടയാക്കിയത്. ഇതിനിടെ നിയമവകുപ്പ് ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചതും കാലതാമസത്തിന് വഴിവച്ചു. എന്നാല്‍, തടസങ്ങള്‍ മാറിയെന്നും ജൂലൈ ആദ്യവാരം മുതല്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങുമെന്നും ഐസിഎഐ അധികൃതര്‍ പറയുന്നു.
ഇന്ത്യയിലെ ആദ്യ പദ്ധതി
എംഎസ്എംഇകള്‍ക്കായി രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരും ഐസിഎഐയും കൈകോര്‍ത്ത് സൗജന്യ ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കാന്‍ തീരുമാനിച്ചത് കേരളത്തിലാണ്. ഒരു വര്‍ഷത്തേക്കാണ് ഹെല്‍പ്പ് ഡെസ്കിന്റെ സേവനം. വിജയകരമായാല്‍ സ്ഥിരം സംവിധാനമാക്കാനാണ് തീരുമാനം.
എംഎസ്എംഇകള്‍ക്ക് പ്രയോജനകരം
എംഎസ്എംഇകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ധനകാര്യ ഇടപാടുകള്‍ കൃത്യവും അച്ചടക്കവുമുള്ളതാക്കുക എന്നതാണ്. പല സംരംഭകര്‍ക്കും നിയമങ്ങളെക്കുറിച്ച് പോലും അറിവില്ല. ഇത് ആ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാകുന്നു. പല സംരംഭങ്ങളും പാതിവഴിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്.
ഈ പ്രതിസന്ധി ഒഴിവാക്കുകയാണ് ഹെല്‍പ്പ് ഡെസ്കിന്റെ ലക്ഷ്യം. സംരംഭങ്ങളുടെ രജിസ്ട്രേഷന് മുതലുള്ള പിന്തുണ ഐസിഎഐ നല്‍കും. മൂലധനം (ഫണ്ടിങ്) ഉറപ്പാക്കാന്‍ ബാങ്കുകളുമായി സംവദിക്കും. പദ്ധതി റിപ്പോര്‍ട്ട് (പ്രൊജക്റ്റ് റിപ്പോര്‍ട്ട്) തയാറാക്കുക, നിർമാണോപകരണങ്ങള്‍ വാങ്ങുക, അക്കൗണ്ടിങ്, ധനകാര്യ സേവനം, നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് സൗജന്യമായി ലഭ്യമാക്കുക.