കൊച്ചി: നിര്‍മിത ബുദ്ധി (എഐ) കാര്യങ്ങളെ കീഴ്മേല്‍മറിക്കാനൊരുങ്ങുകയാണ്. അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആഗോളതലത്തില്‍ 40% തൊഴിലുകളെ ബാധിക്കുമെന്നാണ് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വിശകലനത്തില്‍ സൂചിപ്പിക്കുന്നത്.
വളര്‍ന്നു വരുന്ന വിപണികളിലും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇതിന്‍റെ ആഘാതം കുറവായിരിക്കും. എന്നാല്‍ വികസിത സമ്പദ്‌വ്യവസ്ഥകളെ കൂടുതലായി ബാധിക്കുകയും ചെയ്യും. ചില ജോലികള്‍ എഐ ഇല്ലാതാക്കുക തന്നെ ചെയ്യുമ്പോള്‍ മറ്റു ചിലതിന്‍റെ പൂര്‍ത്തീകരണത്തിന് ഇതുപയോഗിക്കാമെന്നാണ് വിശകലനത്തില്‍ ചൂണ്ടികാട്ടുന്നത്. ഉയര്‍ന്ന തോതില്‍ ഓട്ടൊമേഷന്‍ നടത്തിയിരിക്കുന്ന വികസിത രാജ്യങ്ങളില്‍ ഏകദേശം 60% ജോലികളെയും ഇത് ബാധിച്ചേക്കുമെന്നും പറയുന്നു.
എഐ മൊത്തത്തിലുള്ള അസമത്വത്തെ കൂടുതല്‍ വഷളാക്കും എന്നതാണ് മറ്റൊരു പ്രശ്നം. സാങ്കേതികവിദ്യ സാമൂഹിക പ്രശ്നങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ നയരൂപകര്‍ത്താക്കള്‍ ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന് ഐഎംഎഫ് മാനെജിങ് ഡയറക്റ്റര്‍ ക്രിസ്റ്റലിന ജോര്‍ജീവ പറയുന്നു. ദുര്‍ബലരായ തൊഴിലാളികളെ സഹായിക്കുന്നതിനായി രാജ്യങ്ങള്‍ സമഗ്രമായ സാമൂഹ്യ സുരക്ഷാ പദ്ധതികളും പുതിയ തൊഴില്‍ പരിശീലന പരിപാടികളും ലഭ്യമാക്കേണ്ടതുണ്ട്. എഐ ഉപയോഗം എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിന്‍റെ ഗുണപരവും പ്രതികൂലവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകുന്നത് വരാന്‍ പോകുന്ന പ്രതിസന്ധികളെ നേരിടാന്‍ സഹായിക്കും.