ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്തെ വലിയ രണ്ടാമത്തെ മൊബൈല്‍ ഉത്പാദക രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ വ്യക്തിഗത ചരക്കു കയറ്റുമതിയിലെ അഞ്ചാമത്തെ വലിയ ചരക്കായി മൈാബൈല്‍ ഫോണുകള്‍ മാറിയെന്ന് മാത്രമല്ല, രാജ്യത്ത് വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 97% ഇപ്പോള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ മൊബൈല്‍ നിര്‍മാണ രംഗത്ത് രാജ്യം 20 ഇരട്ടി വളര്‍ച്ച കൈവരിച്ചതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്രേ്ടാണിക്‌സ് അസോസിയേറിയന്‍റെ (ഐ.സി.ഇ.എ) എന്ന കണക്കുകളും വ്യക്തമാക്കുന്നു. ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതികളും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വിവിധ മന്ത്രാലയങ്ങള്‍ വ്യവസായങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചതുമാണ് സമാനതകളില്ലാത്ത ഈ വിജഗാഥയ്ക്ക് വഴിവച്ചത്.
2014ല്‍ രാജ്യത്ത് വിറ്റിരുന്ന മൊബൈല്‍ ഫോണുകളില്‍ 78 ശതമാനവും ഇറക്കുമതി ചെയ്തവയായിരുന്നെങ്കില്‍ ഇന്ന് 97 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. ഐ.സി.ഇ.എ യുടെ കണക്കുപ്രകാരം 2014-15 കാലത്ത് ഇന്ത്യയിലെ മൊബൈല്‍ ഫോണിന്‍റെ ഉത്പാദന മൂല്യം 18,900 കോടി രൂപയായിരുന്നത് 2024 സാമ്പത്തികവര്‍ഷത്തില്‍ 20 മടങ്ങ് വര്‍ദ്ധിച്ച് 4.10 ലക്ഷം കോടി രൂപയിലെത്തി. മൊത്തം കണക്കെടുത്താൽ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 245 കോടിയിലധികം മൊബൈല്‍ ഫോണ്‍ സെറ്റുകളാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്.
2014-15ല്‍ വെറും 1,556 കോടി രൂപയായിരുന്ന ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 2024 സാമ്പത്തികവര്‍ഷത്തിന്‍റെ അവസാനത്തോടെ 1,20,000 കോടി രൂപയാകുമെന്നാണ് വ്യവസായത്തിന്‍റെ പ്രതീക്ഷ. ഈ വളര്‍ച്ച മൂലം വ്യക്തിഗത ചരക്ക് എന്ന നിലയില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ കയറ്റുമതിയായി മൊബൈല്‍ ഫോണുകളെ മാറ്റുകയും ചെയ്തിട്ടുണ്ട്.
ഇലക്രേ്ടാണിക്‌സ് ആന്‍റ് ഐ.ടി മന്ത്രാലയം, ഡി.പി.ഐ.ഐ.ടി, വാണിജ്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഗവണ്‍മെന്‍റ് മന്ത്രാലയങ്ങളും വ്യവസായവും തമ്മിലുള്ള വളരെ അടുത്ത പ്രവര്‍ത്തന ബന്ധത്തില്‍ നിന്നും അനുകൂലമായ നയ അന്തരീക്ഷത്തില്‍ നിന്നുമാണ് ഉത്പാദനം, കയറ്റുമതി, സ്വയംപര്യാപ്തത എന്നിവയില്‍ ഈ അപാരമായ വളര്‍ച്ച കൈവരിച്ചത്.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഘട്ടം ഘട്ടമായുള്ള നിര്‍മാണ പരിപാടി (പി.എം.പി) 2017 മേയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ശക്തമായ ഒരു തദ്ദേശീയ മൊബൈല്‍ ഉത്പാദന പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനും വന്‍തോതിലുള്ള നിര്‍മാണത്തിന് പ്രോത്സാഹനം നല്‍കുന്നതിനും ഈ മുന്‍കൈ സഹായിച്ചു. 2014-ലെ വെറും 2 മൊബൈല്‍ ഫോണ്‍ ഫാക്ടറികളില്‍ നിന്ന് ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ രാജ്യമായി മാറി.
വലിയതോതിലുള്ള ഇലക്രേ്ടാണിക്‌സ് ഉത്പാദനത്തിനും (എല്‍.എസ്.ഇ.എം) ഐ.ടി ഹാര്‍ഡ്‌വെയറിനുമുള്ള ഉത്പാദന ബന്ധിത ആനുകൂല്യ പ്രാത്സാഹന പരിപാടി (പി.എല്‍.ഐ) ഇന്ത്യയെ ഇലക്‌ട്രോണിക്‌സ് നിര്‍മാണത്തിനുള്ള ഒരു മത്സര കേന്ദ്രമാക്കി മാറ്റുന്നതിലേക്ക് നയിച്ചു. യോഗ്യരായവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വര്‍ദ്ധിച്ച വില്‍പ്പന മൂല്യത്തിന്‍റെ 3% മുതല്‍ 5% വരെ ആനുകൂല്യ പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ പി.എല്‍.ഐ പദ്ധതി ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, റൈസിംഗ് സ്റ്റാര്‍, വിസ്‌ട്രോണ്‍ എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള കരാര്‍ നിര്‍മാതാക്കളെ ആകര്‍ഷിക്കുകയും ഇന്ത്യയില്‍ അവരുടെ ഉത്പാദന അടിത്തറ സ്ഥാപിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മറുവശത്ത്, ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ സാംസങിന്‍റെ ഫാക്ടറി നോയിഡയില്‍ നടക്കുന്നുമുണ്ട്.
സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തില്‍, ഇന്ത്യയില്‍ നിന്നുള്ള മെബൈല്‍ ഫോണ്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് ആപ്പിളും സാംസംഗും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ യു.കെ, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ, ഇറ്റലി എന്നിവയ്ക്ക് പുറമെ മദ്ധ്യപൂര്‍വ്വേഷ്യ, വടക്കന്‍ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ വിപണികള്‍ എന്നിവിടങ്ങളിലേക്കും വലിയ അളവില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ഒരു വലിയ ആഭ്യന്തര വിപണിയോടെയും വളര്‍ന്നുവരുന്ന കയറ്റുമതി വിപണിയോടെയും ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍, ഇലക്രേ്ടാണിക്‌സ് ഉത്പാദന മേഖല വളരെ ഉത്സാഹത്തോടെയാണ് മുന്നേറുന്നത്.