കൊച്ചി: വാഹന കയറ്റുമതിയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ കാര്‍ നിര്‍മാണ കമ്പനികള്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യങ്ങളുടെ കരുത്തില്‍ ലോകത്തിലെ പ്രമുഖ വാഹന കമ്പനികള്‍ ഇന്ത്യയിലെ ഉത്പാദന മേഖലയില്‍ നിക്ഷേപം വർധിപ്പിച്ചതോടെയാണ് ആഗോള കാര്‍ ഹബ്ബായി ഇന്ത്യ മാറുന്നത്. 2021ന് ശേഷം രാജ്യത്തെ കാറുകളുടെ കയറ്റുമതിയില്‍ 2.68 ലക്ഷം യൂണിറ്റുകളുടെ വർധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 6.72 ലക്ഷം കാറുകളാണ് വിദേശ വിപണിയിലെത്തിയത്. 2020-21 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ 2.68 ലക്ഷം വാഹനങ്ങളുടെ വർധനയാണ് ദൃശ്യമായത്. 2020-21 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 4.05 ലക്ഷം കാറുകളാണ് കയറ്റിയയച്ചത്. 2021-22 വര്‍ഷത്തില്‍ കയറ്റുമതി 5.78 ലക്ഷം യൂണിറ്റുകളായും 2022-23 വര്‍ഷത്തില്‍ 6.63 ലക്ഷവുമായും ഉയര്‍ന്നു.
ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കാര്‍ കയറ്റുമതി അയക്കുന്നത് ജപ്പാനിലെ മാരുതി സുസുക്കിയാണ്. ഇന്ത്യയുടെ മൊത്തം യാത്രാവാഹനങ്ങളുടെ കയറ്റുമതിയില്‍ 70 ശതമാനം വിഹിതം മാരുതി സുസുക്കിയ്ക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി 2.68 ലക്ഷം വാഹനങ്ങള്‍ വിദേശ വിപണിയില്‍ വിറ്റഴിച്ചു. പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചതും മറ്റൊരു ജാപ്പനീസ് കാര്‍ കമ്പനിയായ ടൊയോട്ട കിര്‍ലോസ്ക്കറുമായുള്ള വിപണന പങ്കാളിത്തവുമാണ് മികച്ച നേട്ടമുണ്ടാക്കാന്‍ മാരുതി സുസുക്കിയെ സഹായിച്ചത്.
നിലവില്‍ ഇന്ത്യയില്‍ നിർമിക്കുന്ന വിവിധ കാറുകള്‍ നൂറിലധികം രാജ്യങ്ങളിലേക്കാണ് മാരുതി സുസുക്കി കയറ്റിയയക്കുന്നത്. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചിലി, മെക്സിക്കോ എന്നീ വിപണികളിലേക്കാണ് പ്രധാനമായും മാരുതി കാറുകള്‍ വിൽപ്പന നടത്തുന്നത്. ഇന്ത്യയില്‍ നിർമിക്കുന്ന ഗ്രാന്‍ഡ് വിറ്റാര, ബലനോ, ഡിസയര്‍, സ്വിഫ്റ്റ്, എര്‍ട്ടിഗ തുടങ്ങിയ മോഡലുകള്‍ വിദേശ വിപണികളില്‍ വന്‍ഹിറ്റാണെന്ന് കമ്പനി അവകാശപ്പെടുന്നു.