Indian stock indices at record high 
Business

പുതിയ ഉയരങ്ങൾ താണ്ടി ഓഹരി വിപണി

സെന്‍സെക്സ് 847.27 പോയിന്‍റ് ഉയർന്ന് 72,568.45ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റി 247.35 പോയിന്‍റ് ഉയര്‍ന്ന് 21,894.55ല്‍ അവസാനിച്ചു.

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ. വിദേശ നിക്ഷേപ പണമൊഴുക്കിന്‍റെ കരുത്തിലാണ് വെള്ളിയാഴ്ച സെന്‍സെക്സ് 847.27 പോയിന്‍റ് നേട്ടത്തോടെ 72,568.45ല്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ദേശീയ സൂചികയായ നിഫ്റ്റി 247.35 പോയിന്‍റ് ഉയര്‍ന്ന് 21,894.55ല്‍ അവസാനിച്ചു.

ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസും ടിസിഎസും പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതോടെയാണ് ഇന്നലെ നിക്ഷേപകര്‍ വന്‍ ആവേശത്തിലായത്. വിപ്രോ, എല്‍ടിഐ മൈന്‍ഡ്ട്രീ, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ സര്‍വീസസ്, എച്ച്സിഎല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ബാങ്കിങ്, വാഹന, മെറ്റല്‍, ഐടി തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ മികച്ച വാങ്ങല്‍ താത്പര്യം ദൃശ്യമായി.

ആഗോള മേഖലയിലെ അനുകൂല വാര്‍ത്തകളും വിദേശ നിക്ഷേപകരുടെ പണമൊഴുക്കും വിപണിക്ക് കരുത്ത് പകര്‍ന്നു. ബോംബെ ഓഹരി എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇന്നലെ മാത്രം 3.5 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ഓട്ടൊ, വാഹന മേഖലകളിലെ ഓഹരികള്‍ മാത്രമാണ് ഇന്നലെ വിൽപ്പന സമ്മർദം നേരിട്ടത്.

അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷം മാര്‍ച്ചിന് മുന്‍പ് പലിശ കുറച്ചേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് വന്‍തോതില്‍ പണമൊഴുക്കുകയാണ്. ചൈനയ്ക്ക് ബദലായി ആഗോള മാനുഫാക്ച്ചറിങ് ഹബായി ഇന്ത്യ മാറുന്നുവെന്നാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു

രാസലഹരിയുമായി സിനിമാ താരം പരീക്കുട്ടി അടക്കം 2 പേർ അറസ്റ്റിൽ

മണിപ്പുർ വീണ്ടും കത്തുന്നു

ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; കെ. ഗോപാലകൃഷ്ണനെതിരേ പ്രശാന്ത് അനുകൂലികൾ