ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള മേഖലയില്‍ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ ഇന്ത്യന്‍ രൂപയ്ക്ക് പിന്തുണയായി റിസര്‍വ് ബാങ്ക് വിപണി ഇടപെടല്‍ സജീവമാക്കിയതോടെ സെപ്റ്റംബര്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ ശേഖരത്തില്‍ മികച്ച വർധന ദൃശ്യമായി.
റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞവാരം വിദേശനാണ്യ ശേഖരം 404 കോടി വർധിച്ച് 59890 കോടി ഡോളറായി. വിദേശ നാണയങ്ങളുടെ മൂല്യത്തില്‍ 3138 കോടി ഡോളറിന്റെ വർധനയാണുണ്ടായത്. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം ഈ കാലയളവില്‍ 54.4 കോടി ഡോളര്‍ ഉയര്‍ന്ന് 4494 കോടി ഡോളറിലെത്തി. സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സിന്റെ (എസ്ഡിആര്) മൂല്യത്തിലും പത്ത് ലക്ഷം ഡോളറിന്റെ വർധനയുണ്ട്.
2021 ഒക്റ്റോബറില്‍ രാജ്യത്തെ വിദേശനാണ്യ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 64500 കോടി ഡോളര്‍ വരെയെത്തിയതിനു ശേഷമാണ് കുത്തനെ കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അമെരിക്കന്‍ ഡോളറിന്റെ മൂല്യം അസാധാരണമായി ഉയര്‍ന്നതോടെ രൂപയ്ക്ക് പിന്തുണ നല്കാന് റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുകയായിരുന്നു. രൂപയുടെ സ്ഥിരതയ്ക്കായി റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വിപണിയില്‍ ഇടപെടുന്നതിനാല്‍ രാജ്യത്തെ വിദേശനാണ്യ ശേഖരം ആറ് മാസത്തിന് മുമ്പ് കുത്തനെ കുറഞ്ഞിരുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഫെബ്രുവരി അവസാന ആഴ്ചയില്‍ 56094 കോടി ഡോളറായാണ് താഴ്ന്നത്.
ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ പണം ഒഴുക്കിയതും വിദേശനാണ്യ ശേഖരം കൂടാന്‍ സഹായിച്ചു. കഴിഞ്ഞ ആറ് മാസമായി ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിനടുത്ത് സ്ഥിരതയോടെ തുടര്‍ന്നതും അനുകൂല ഘടകമായി. എന്നാല്‍ കഴിഞ്ഞവാരം പൊടുന്നനെ എണ്ണ വില കുതിച്ചുയര്‍ന്നതാണ് റിസര്‍വ് ബാങ്കിന് വെല്ലുവിളി സൃഷ്ടിക്കുന്നത്.
ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുന്നതും വ്യാവസായിക രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വിദേശനാണ്യ ശേഖരം ഇനിയും കൂടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ അമെരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ വർധിപ്പിക്കാനിടയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്.
ഇതോടൊപ്പം അമെരിക്കന്‍ ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ കാരണം വിദേശനാമ്യ ശേഖരത്തില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ബദല്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും റിസര്‍വ് ബാങ്ക് ശ്രദ്ധ പതിപ്പിക്കുന്നു. രാജ്യത്തെ കയറ്റുമതി മേഖലയുടെ മത്സരക്ഷമതയെ ബാധിക്കാത്ത വിധം രൂപയുടെ മൂല്യം സ്ഥിരതയില്‍ നിലനിർത്താനാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.