Graphic representation for an industrial park. Image by brgfx on Freepik
Business

സഹകരണ മേഖലയിൽ വ്യവസായ പാർക്കുകൾ വരുന്നു

മാർഗ നിർദേശങ്ങൾ തയാറാക്കാൻ സമിതി, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 3 കോടി രൂപ, ആദ്യ പാർക്ക് കണ്ണൂരിൽ, മാർച്ചോടെ 35 പാർക്കുകൾക്ക് അനുമതി

തിരുവനന്തപുരം: സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. വ്യവസായ മന്ത്രി പി.രാജീവ്, സഹകരണ മന്ത്രി വി. എൻ.വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി. സഹകരണ വ്യവസായ പാർക്കുകൾ, എസ്റ്റേറ്റുകൾ, സ്റ്റാന്‍റേർഡ് ഡിസൈൻ ഫാക്ടറികൾ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ വ്യവസായ- സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകി.

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണു സഹകരണ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങൾക്കും, സംഘങ്ങൾ ഉൾപ്പെടുന്ന കൺസോർഷ്യത്തിനും എസ്റ്റേറ്റുകൾ ആരംഭിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് സർക്കാർ നൽകുന്ന ധനസഹായം സഹകരണ എസ്റ്റേറ്റിനും നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 3 കോടി രൂപ വരെയുള്ള ധനസഹായം നിലവിൽ വ്യവസായ വകുപ്പ് നൽകുന്നുണ്ട്.

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് 10 ഏക്കറും സ്റ്റാന്‍റേർഡ് ഡിസൈൻ ഫാക്ടറികൾക്ക് 5 ഏക്കറുമാണ് ചുരുങ്ങിയ ഭൂപരിധിയെങ്കിലും സഹകരണ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചനയുണ്ട്. പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാർക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കും.

ജില്ലകളിൽ ഒന്നെന്ന നിലയിൽ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ആലോചന. ആദ്യ പാർക്ക് കണ്ണൂരിൽ ആരംഭിക്കാനാണ് ആലോചന. ഇതിനകം 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കാണ് വ്യവസായ വകുപ്പ് അനുമതി നൽകിയത്. മാർച്ച് മാസത്തോടെ 35 പാർക്കുകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സർക്കാരിന്‍റെ ഭരണകാലയളവിൽ 100 സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?