ബിസിനസ് ലേഖകൻ
കൊച്ചി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ശക്തമാക്കി. സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിച്ചതോടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ പദ്ധതികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് ഈ മേഖലയ്ക്ക് സുരക്ഷിതത്വം പകരാനായി റിസര്‍വ് ബാങ്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത്.
മുന്‍കാലങ്ങളില്‍ അടിസ്ഥാന സൗകര്യ, ഭവന മേഖലകളില്‍ നല്‍കിയ വായ്പകള്‍ പലതും കിട്ടാക്കടങ്ങളായി മാറിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനായി. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ അനുവദിക്കുന്ന വായ്പയില്‍ അഞ്ച് ശതമാനം തുക ബാങ്കുകള്‍ പ്രത്യേകമായി നീക്കിവയ്ക്കണമെന്ന്(പ്രൊവിഷനിങ്) റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് നയത്തില്‍ വ്യക്തമാക്കുന്നു. വായ്പയെടുക്കുന്ന കമ്പനികളുടെ ധന സ്ഥിരത കണക്കിലെടുത്ത് മാത്രമേ ഈ തുക പിന്‍വലിക്കാന്‍ അനുവദിക്കാന്‍ കഴിയൂ. കമ്പനികള്‍ ധന പ്രതിസന്ധിയിലേക്ക് നീങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.
പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 2.5 ശതമാനം തുക കൂടി മടക്കി നല്‍കും. ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും വിധം പദ്ധതിയില്‍ വരുമാനം ലഭിക്കുന്നതോടെ മൊത്തം മാറ്റിവയ്ക്കുന്ന തുക ഒരു ശതമാനമായി കുറയ്ക്കണം.
നിലവില്‍ പ്രോജക്ടുകളില്‍ നല്‍കുന്ന ബാങ്ക് വായ്പകളില്‍ 0.4 ശതമാനം പ്രൊവിഷനിങ്ങിനായി മാറ്റിവയ്ക്കുന്നത്.
റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ നടപടികള്‍ വായ്പാ വിതരണത്തെയും ലാഭക്ഷമതയെയും ബാധിക്കുമെന്ന ആശങ്കയില്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില കനത്ത വില്പന സമ്മര്‍ദം നേരിട്ടു. പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ നാല് ശതമാനം ഇടിവുണ്ടായി. ആര്‍ഇസി, പവര്‍ ഫിനാന്‍സ്, ഐആര്‍ഇഡിഎ തുടങ്ങിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളും ഇടിവ് നേരിട്ടു.