ആർദ്ര ഗോപകുമാർ
ആയുര്‍വേദ ഡോക്‌ടർ അപർണയുടെ ജീവിതം ശരിക്കും ഒരു ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു. 10 വർഷം മുമ്പ്, കുഞ്ഞിനെയും കൊണ്ട് ഭർത്താവിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, ഇനി എന്ത് എന്ന ചോദ്യം മാത്രമായിരുന്നു മുന്നിൽ. അങ്ങനെ, ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച്, ഇപ്പോൾ സ്വന്തം കമ്പനിയിൽ നാൽപ്പതോളം സ്ത്രീകൾക്ക് ജോലി നൽകുന്നതിലേക്ക് അപർണയുടെ സംരംഭം വളർന്നു. ആയുർവേദത്തിലെ അറിവും മനക്കരുത്തും മാത്രമാണ് തന്നെ ഇതിനെല്ലാം സഹായിച്ചതെന്ന് അപർണ പറയുന്നു.
ഒരു അബ്യൂസിവ് മാര്യേജിൽ നിന്നു രക്ഷപെട്ട അപർണയ്ക്ക് കൈമുതലായുണ്ടായിരുന്നത് ആയുർവേദത്തിലുള്ള പരിജ്ഞാനം മാത്രമായിരുന്നു. ഇതിന്‍റെ ബലത്തിലാണ് ക്ലാസിക് ആയുർവേദ മരുന്നുകൾ വീട്ടിൽ തന്നെ ഉണ്ടാക്കിത്തുടങ്ങുന്നത്. അച്ഛനും അമ്മയും പിൻബലമായി. ബിസിനസ് രംഗത്ത് അതുവരെ തികച്ചും അപരിചിതയായിരുന്ന ഡോ. അപർണ ഈ കൂട്ടത്തിലുണ്ടാക്കുന്ന ഹെയർ ഓയിലിനായിരുന്നു കൂടുതൽ ആവശ്യക്കാർ.
അവിടെ നിന്നാണ് 2016ൽ 'സൗപർണിക ആയുർവേദ' എന്ന സ്ഥാപനത്തിന്‍റെയും, 'ലോമ' ഹെയർ ഓയിൽ എന്ന ഉത്പന്നത്തിന്‍റെയും തുടക്കം. സ്വദേശമായ മഞ്ചേരി നറുകരയിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ഹോസ്പിറ്റലിൽ രോഗികൾക്ക് നേരിട്ടും സൗജന്യമായി ഒൺലൈന്‍ കൺസൾട്ടേഷനും നൽകിവരുന്നു. ഓരോ ഉപയോക്താവിന്‍റെയും പ്രശ്നങ്ങൾ വ്യത്യസ്തമാണ്. അതിനാൽ രോഗത്തിന്‍റെ കൃത്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം വ്യക്തിഗതമായ ഉത്പന്നങ്ങളാണു നിർദേശിക്കുക. ആയുർവേദത്തിലൂടെ ആരോഗ്യകരമായ ജീവിതവും അതോടൊപ്പം ശരീരവും മനസും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സൗപർണിക ആയുർവേദത്തിന്‍റെ പ്രധാന ലക്ഷ്യം.
ഓൺലൈൻ കൺസൾട്ടേഷൻ എന്ന ആശയം വരുന്നത് കൊവിഡ് കാലത്താണ്. അങ്ങനെയാണ് തന്‍റെ തൊഴിലിന് അകലം ഒരിക്കലും പ്രശ്‌നമല്ലെന്നു തിരിച്ചറിയുന്നത്. ഇപ്പോൾ മലയാളികൾ ഉള്ളിടത്തൊക്കെ അപർണയുടെ ലോമ ഹെയർ ഓയിലുമുണ്ടെന്ന തലത്തിലേക്ക് വളർന്നു. വാമൊഴി പരസ്യത്തിലൂടെയാണ് 'സൗപർണിക'യുടെ വളര്‍ച്ച. മഞ്ചേരിയിലെ യൂണിറ്റിൽ രണ്ട് ഡോക്റ്റ്ർമാരും 11 തൊഴിലാളികളുമുണ്ട്, ഓൺലൈനായി മറ്റൊരു 30 പേരും. എല്ലാം സ്ത്രീകൾ.
കൃത്രിമ നിറങ്ങളോ പ്രിസർവേറ്റിവുകളോ പെർഫ്യൂമുകളോ ചേർക്കാതെ പ്രകൃതിദത്തമായ പൂക്കളും പഴങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിക്കുന്നതാണ് സൗപർണിക ആയുർവേദ ഉത്പന്നങ്ങളുടെ സവിശേഷത. അതിനാൽ, ഉത്പന്നങ്ങളുടെ ഷെൽഫ് ആയുസ് ഒരു വർഷത്തിൽ താഴെയാണ്.
ഈ രംഗത്ത് ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, നിരവധി സംതൃപ്തരായ ഉപയോക്താക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞത് തന്‍റെ വളർച്ചയുടെ നാഴികക്കല്ലായി അപർണ കാണുന്നു. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നേരിട്ടും ഓർഡറുകൾ സ്വീകരിക്കുന്നു.
ഇന്ന് സൗപർണിക ആയുർവേദയ്ക്ക് പ്രായ-ലിംഗ ഭേദമില്ലാതെ നിരവധി ഉത്പന്നങ്ങളുടെ സ്വന്തം ശ്രേണിയുണ്ട്. ആന്‍റി ഡാൻഡ്രഫ് പൗഡർ, ഹെൽത്തി സ്കിൻ ഫെയ്സ് പാക്ക്, ലോല ബോഡി ഓയിൽ, കൺമഷി, ലോമ ഹെയർ ഓയിൽ, ലോമ ഹെയർ വാഷ് പൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ എന്നിവ അവയിൽ ചിലതാണ്. ഇതിൽ തന്നെ വെർജിൻ കോക്കനട്ട് ഓയിലും കുഞ്ഞുങ്ങൾക്കുള്ള കൺമഷിയുമാണ് ആളുകൾ ചോദിച്ചു വാങ്ങാറുള്ളത്.
സൗന്ദര്യവർധക വസ്തുക്കൾ മാത്രമല്ല, എല്ലാത്തരം രോഗങ്ങൾക്കും ഇവിടെ സഹായകമാണ്. ഉപഭോക്തൃ ഫോറം അവാർഡും 2021-ൽ സീ വനിതാ സംരംഭക അവാർഡും അപർണ നേടിയിട്ടുണ്ട്.
പ്രസവാനന്തര പരിചരണം എന്ന ആശത്തോടെ 'സൗപർണിക ആയുർവേദ' യുടെ ബേബി സ്ഥാപനമായ "എഹസാസ്' ഉടൻ തന്നെ മഞ്ചേരിയിൽ പ്രവർത്തനം തുടങ്ങും. ആയുർവേദത്തിലൂടെ 15 മുതൽ 90 ദിവസം വരെ കുഞ്ഞിനും അമ്മയ്ക്കും പരിചരണം നൽകും. പ്രസവാനന്തര പരിചരണത്തിൽ ആയുർവേദത്തിന്‍റെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ആശയം.
"എന്‍റെ ജീവിതമാണ് എന്‍റെ പാഠപുസ്തകം. ഭൂതകാലവും അവയിൽ നിന്ന് ഞാൻ നേടിയെടുത്ത കരുത്തുമാണ് എന്നെ ഇന്നീ നിലയിലെത്തിച്ചത്. എന്നെപ്പോലെ തന്നെ പല ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന പല സ്ത്രീകളുണ്ട്. വിദ്യാഭ്യാസമില്ലാത്തവർ, വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ, വിവാഹമോചനം നേടിയവർ അങ്ങനെയുള്ള ഒരുപാട് സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരക്കാർക്ക് ഒരു പരിധി കഴിഞ്ഞാൽ സാമ്പത്തികപ്രശ്നങ്ങൾ നേരിടാൻ തുടങ്ങും. അവർക്ക് ഒരു കൈത്താങ്ങാവുക എന്നതാണ് എന്‍റെ ആശയം. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള നാൽപ്പതോളം സ്ത്രീകൾക്ക് എന്‍റെ സ്ഥാപനത്തിലൂടെ ജോലി നൽകാനായി എന്നത് വലിയ നേട്ടമായാണ് കാണുന്നത്. നിയമപരമായതോ അല്ലാതെയൊ എതു തരത്തിലുള്ള ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്ന ആരെയും അവഗണിക്കാറില്ല. കാരണം, വിവാഹമോചിത അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്തൊൽ ഒറ്റയ്ക്കു പോരാടി ജയിച്ച ഒരു സ്ത്രീയെ പൂർണഹൃദയത്തോടെ സ്വീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് ഇപ്പോഴും കഴിയുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. സ്ത്രീകൾക്ക് കൂട്ട് എന്നും മറ്റൊരു സ്ത്രീ തന്നെയാണ്'', അപർണ പറയുന്നു.