കേരള കമ്പനികൾക്ക് കഷ്ടകാലം 
Business

കേരള കമ്പനികൾക്ക് കഷ്ടകാലം

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യത്തെ ഓഹരി വിപണിയില്‍ കേരള കമ്പനികളുടെ തിളക്കം മങ്ങുന്നു. കഴിഞ്ഞ മാസങ്ങളില്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിയ കേരളം ആസ്ഥാനമായ പല കമ്പനികളുടെയും ഓഹരി വില കഴിഞ്ഞ വാരങ്ങളില്‍ കുത്തനെ കുറഞ്ഞു.

ഓഹരി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഫാക്റ്റ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയുടെ വിപണി മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി താഴേക്ക് നീങ്ങി. ഒരവസരത്തില്‍ 78,389 കോടി രൂപയുണ്ടായിരുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ ഇപ്പോഴത്തെ വിപണി മൂല്യം 48,968 കോടി രൂപയിലേക്ക് താഴ്ന്നു. ഫാക്റ്റിന്‍റെ വിപണി മൂല്യത്തില്‍ 10000 കോടി രൂപയിലധികം ഇടിവുണ്ടായി. 80,000 കോടി രൂപയ്ക്ക് അടുത്ത് വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് ഇപ്പോഴും ശക്തമായി പിടിച്ചുനില്‍ക്കുന്നത്.

അതേസമയം, കേരളത്തില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്റ്റ്), ഫെഡറല്‍ ബാങ്ക്, നിറ്റ ജലാറ്റിന്‍ തുടങ്ങിയ കമ്പനികളുടെ നിരയിലേക്ക് കേരളത്തിലെ ടോളിന്‍സ് ടയേഴ്സ് കൂടി എത്തിയതോടെ കേരളത്തില്‍ നിന്ന് ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം 50ലേക്ക് ഉയര്‍ന്നു.

ടോളിന്‍ ടയേഴ്സിന്‍റെ പ്രാരംഭ ഓഹരി വിൽപ്പന നാളെ മുതല്‍ സെപ്റ്റംബര്‍ 11 വരെ നടക്കും. ഓഹരിയൊന്നിന് 215 രൂപ മുതല്‍ 226 രൂപ വരെ വില നിശ്ചയിച്ച് വിപണിയില്‍ നിന്ന് 230 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം ആസ്ഥാനമായ ഒരു മാനുഫാക്ച്ചറിങ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റിങ്ങിന് ഒരുങ്ങുന്നത്.

2008ല്‍ വി ഗാര്‍ഡാണ് ഇതിനു മുന്‍പ് കേരളത്തില്‍ നിന്ന് ഓഹരി വിപണിയിലെത്തിയ മാനുഫാക്ച്ചറിങ് കമ്പനി. വിപണിയിലെ വിൽപ്പനയ്ക്ക് മുന്‍പായി നങ്കൂര നിക്ഷേപകരില്‍ നിന്ന് ടോളിന്‍സ് ടയേഴ്സ് 90 കോടി രൂപ സമാഹരിച്ചു. പ്രൊമോട്ടര്‍മാരായ വര്‍ക്കി ടോളിന്‍, ജെറിന്‍ ടോളിന്‍ എന്നിവരുടെ 83.31 ശതമാനം ഓഹരികളില്‍ ഒരു ഭാഗമാണ് വിൽപ്പനയ്ക്ക് ലഭ്യമാക്കുന്നത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി