കൈയിൽ കാശില്ലാതെ ബാങ്കുകൾ കഷ്ടപ്പെടുന്നു! 
Business

കൈയിൽ കാശില്ലാതെ ബാങ്കുകൾ കഷ്ടപ്പെടുന്നു!

കുറഞ്ഞ പലിശയും നികുതി ഇളവുകള്‍ ലഭ്യമല്ലാത്തതും ഉപയോക്താക്കളെ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് അകറ്റുന്നു

ബിസിനസ് ലേഖകൻ

കൊച്ചി: സ്ഥിര നിക്ഷേപങ്ങള്‍ ഉപയോക്താക്കള്‍ വലിയ തോതില്‍ പിന്‍വലിക്കുന്നതിനാല്‍ ധന സമാഹരണത്തിന് ബാങ്കുകള്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. നിക്ഷേപ സമാഹരണത്തില്‍ മാന്ദ്യം ശക്തമായതോടെ ഉത്സവകാലയളവില്‍ വായ്പാ വിതരണത്തിന് ആവശ്യത്തിന് പണം കണ്ടെത്താനാകാത്തതാണ് വാണിജ്യ ബാങ്കുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്.

ഒരു വര്‍ഷത്തിനു താഴെ കാലാവധിയുള്ള കടപ്പത്രങ്ങളായ സര്‍ട്ടിഫിക്കറ്റ് ഒഫ് ഡെപ്പോസിറ്റുകള്‍ പുറത്തിറക്കാനാണ് ഇപ്പോള്‍ ബാങ്കുകള്‍ ആലോചിക്കുന്നത്. ബള്‍ക്ക് നിക്ഷേപ രംഗത്ത് മത്സരം ശക്തമായതിനാലാണ് പുതിയ സാധ്യത തേടുന്നത്. ഓഗസ്റ്റ് വരെ സര്‍ട്ടിഫിക്കറ്റ് ഒഫ് ഡെപ്പോസിറ്റുകള്‍ പുറത്തിറക്കി ബാങ്കുകള്‍ 5.15 ലക്ഷം കോടി രൂപയാണ് സമാഹരിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ മാത്രം ഒരു ലക്ഷം കോടി രൂപയുടെ സര്‍ട്ടിഫിക്കറ്റ് ഡെപ്പോസിറ്റുകള്‍ ബാങ്കുകള്‍ പുറത്തിറക്കി.

ഓഹരി, കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ ബദല്‍ നിക്ഷേപങ്ങളിലെ മികച്ച വരുമാനം കണക്കിലെടുത്ത് ഉപയോക്താക്കള്‍ സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതാണ് ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നത്. ദീപാവലി, നവരാത്രി, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലത്ത് വായ്പാ ആവശ്യം ഗണ്യമായി കൂടുന്നതിനിടെയാണ് ബാങ്കുകളുടെ കൈവശമുള്ള പണം കുറയുന്നത്.

ആകര്‍ഷകമായ പലിശ നിരക്കുകളോടെ വിവിധ കലാവധിയുള്ള സ്ഥിര നിക്ഷേപ സമാഹരണ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും വളര്‍ച്ച മന്ദഗതിയിലാണ്. ഓഗസ്റ്റില്‍ നിക്ഷേപ സമാഹരണത്തേക്കാള്‍ വളര്‍ച്ച വായ്പാ വിതരണത്തിലുണ്ടായി.

സാമ്പത്തിക മേഖല മികച്ച ഉണര്‍വിലൂടെ നീങ്ങുന്നതിനാല്‍ 2022 ഏപ്രില്‍ മുതല്‍ രാജ്യത്തെ വായ്പാ വിതരണത്തില്‍ പത്ത് ശതമാനത്തിലധികം വളര്‍ച്ചയാണ് ദൃശ്യമാകുന്നത്. സെപ്റ്റംബര്‍ ആറിന് അവസാനിച്ച രണ്ടാഴ്ച കാലളയവില്‍ വായ്പാ വിതരണത്തില്‍ 13.3% വളര്‍ച്ചയുണ്ടായി. അതേസമയം നിക്ഷേപ സമാഹരണത്തിലെ വളര്‍ച്ചാ നിരക്ക് 11.1% മാത്രമായിരുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്കും പ്രിയം കുറയുകയാണ്.

താരതമ്യേന കുറഞ്ഞ പലിശയും നികുതി ഇളവുകള്‍ ലഭ്യമല്ലാത്തതുമാണ് ഉപയോക്താക്കളെ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് അകറ്റുന്നത്. ഓഹരിയും സ്വര്‍ണവും മികച്ച വരുമാനം നല്‍കുന്നതിനാല്‍ ഓഹരി, സ്വര്‍ണ അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്‍തോതില്‍ പണമൊഴുകുകയാണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?