25% ഓഹരി വിൽക്കാൻ ലുലു; ലക്ഷ്യം 1.8 ബില്യൻ ഡോളർ 
Business

25% ഓഹരി വിൽക്കാൻ ലുലു; ലക്ഷ്യം 1.8 ബില്യൻ ഡോളർ

ലുലു ഐപിഒ തിങ്കളാഴ്ച മുതൽ; 10% ഓഹരികൾ പൊതുജനങ്ങൾക്കും 89% ധനകാര്യ സ്ഥാപനങ്ങൾക്കും 1% ലുലു ജീവനക്കാർക്കും

ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫ് അലിയുടെ സാരഥ്യത്തിൽ പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ഹോൾഡിങ്‌സിനു കീഴിലുള്ള ലുലു റീറ്റെയിലിന്‍റെ ഐപിഒ തിങ്കളാഴ്ച തുടങ്ങും. നവംബർ 5 വരെ നീളുന്ന ഐപിഒയിലൂടെ ലുലു റീറ്റെയിലിന്‍റെ 25% ഓഹരികൾ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 10% ഓഹരികൾ പൊതുജനങ്ങൾക്കും 89% ധനകാര്യ സ്ഥാപനങ്ങൾക്കും ഒരു ശതമാനം ലുലു ജീവനക്കാർക്കുമാണ് മാറ്റിവച്ചിരിക്കുന്നത്.

0.051 ദിർഹം മുഖവിലയിൽ 258 കോടി ഓഹരികളാണുള്ളത്. ഇവയുടെ വിൽപ്പനയിലൂടെ 1.8 ബില്യൺ ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. അപേക്ഷിക്കുന്ന വ്യക്തികൾക്ക് കുറഞ്ഞത് 1000 ഓഹരികളെങ്കിലും നിശ്ചയമായും ലഭിക്കും. അപേക്ഷിക്കുന്നതിന് ചുരുങ്ങിയത് 5000 ദിർഹം നൽകണം. ആയിരത്തിന്‍റെ ഗുണിതങ്ങളായി കൂടുതൽ തുക നൽകാനും സാധിക്കും.

ആദ്യ വർഷത്തെ ലാഭത്തിൽ നിന്ന് 75% ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. നവംബർ 14 ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. അപേക്ഷകർക്ക് എമിറേറ്റ്സ് ഐഡിയും യുഎഇയിൽ ബാങ്ക് അക്കൗണ്ടും അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ദേശീയ ഇൻവെസ്റ്റർ നമ്പറും നിർബന്ധം.

എഡിസിബി, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, എച്ച്എസ്ബിസി ബാങ്ക് മിഡിൽഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എഫ്ജി ഹെർമസ് യുഎഇ, മഷ്രീഖ് ബാങ്ക് എന്നിവയിലൂടെ മാത്രമേ ഓഹരി വാങ്ങുന്നതിനുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കൂ.

ഇന്ത്യയിലുള്ളവർക്ക് ലുലു ഓഹരി സ്വന്തമാക്കാൻ സാധിക്കുമോ?

ലോകമെങ്ങുമുള്ള മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റീടെയിൽ വ്യാപാര സ്ഥാപനം എന്ന നിലയിൽ നാട്ടിൽ നിന്ന് ഉയരുന്ന ചോദ്യവും സംശയവുമാണിത്. നിലവിലെ സാഹചര്യത്തിൽ യു എ യിൽ താമസക്കാരായിട്ടുള്ളവർക്ക് മാത്രമേ ലുലു ഓഹരികൾ വാങ്ങാൻ സാധിക്കൂ. എന്നാൽ, ലോകത്തെവിടെനിന്നുള്ളവർക്കും ധനകാര്യ സ്ഥാപനങ്ങൾ വഴി ലുലു ഓഹരികൾ വാങ്ങാം.

85% ഓഹരികളാണ് ധനകാര്യ സ്ഥാപനങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നത്. ചുരുങ്ങിയത് അഞ്ച് മില്യൺ ദിർഹമാണ് നൽകേണ്ട തുക. ആയിരത്തിന്‍റെ ഗുണിതങ്ങളായി കൂടുതൽ തുക നൽകുകയുമാവാം.

ജീവനക്കാർക്ക് ഒരു ശതമാനമാണ് നീക്കിവച്ചിരിക്കുന്നത്. അപേക്ഷിക്കുന്ന ജീവനക്കാരന് ചുരുങ്ങിയത് രണ്ടായിരം ഓഹരികളെങ്കിലും ലഭിക്കും.

എം.എ. യൂസഫ് അലിയുടെ പൂർണ ഉടമസ്ഥതയിലായിരുന്ന ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ഹോൾഡിങ്സ് ലിമിറ്റഡിന്‍റെ 20% ഓഹരികൾ എഡിക്യുവിന് നൽകിയിരുന്നു. ഒരു ബില്യൺ ഡോളർ നൽകിയാണ് എഡിക്യു 20% ഓഹരികൾ സ്വന്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ഐപിഒ ആദ്യം അബുദാബിയിൽ നടത്തുന്നതെന്ന് യൂസഫ് അലി പറഞ്ഞിരുന്നു. അതേസമയം, ലുലു ഗ്രൂപ്പിന്‍റെ ഷോപ്പിങ് മാളുകൾ ഓഹരി വിൽപ്പനയിൽ ഉൾപ്പെടുന്നില്ലെന്നും യൂസഫ് അലി വ്യക്തമാക്കിയിട്ടുണ്ട്. ലുലു റീടെയിലിന്‍റെയും ഭക്ഷ്യ സംസ്കരണത്തിന്‍റെയും ഐപിഒയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.

എം.എ. യുസഫ് അലി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീടെയിൽ ഐപിഒ

1974 ഇൽ അബുദാബിയിൽ ആദ്യ സ്റ്റോർ തുറന്ന ലുലുവിന് ഇപ്പോൾ ജി സി സി രാജ്യങ്ങളിൽ മാത്രം 240ലധികം ഔട്ട് ലെറ്റുകളുണ്ട്. ഇരുപതോളം രാജ്യങ്ങളിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.

മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ റീടെയിൽ ഐപിഒയിലൂടെ ജിസിസി രാജ്യങ്ങളിലെ 240ലധികം വരുന്ന ഹൈപ്പർ-സൂപ്പർ മാർക്കറ്റ് ശ്രേണിയുടെ ഓഹരി പങ്കാളിത്തമാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. 2023 ലെ കണക്കനുസരിച്ച് 7.3 ബില്യൺ ഡോളറിന്‍റെ വിറ്റുവരവാണ്‌ ലുലു ഗ്രൂപ്പിനുള്ളത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?