വിപണി കീഴടക്കാൻ ഒരുങ്ങി മറയൂർ മധുരം  
Business

വിപണി കീഴടക്കാൻ ഒരുങ്ങി മറയൂർ മധുരം

ഗോത്രസമൂഹം ആദ്യമായാണ് മറയൂർ ശർക്കര നേരിട്ട് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്

മൂന്നാർ : കോടമഞ്ഞ് തഴുകിയൊഴുകുന്ന മലമുകളിലുള്ള മറയൂരിലെ പരമ്പരാഗത കരിമ്പ് കൃഷിക്കാരെ സംഘടിപ്പിച്ച് ആരംഭിച്ച മറയൂർ - കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉൽപ്പന്നം " മറയൂർ മധുരം" ശർക്കര വിപണിയിലിറങ്ങി .

അഞ്ചുനാട്ടിലെ ഗോത്രസമൂഹത്തിന്‍റെ നേതൃത്വത്തിൽ ഉത്പാദനം നടത്തി ‘മറയൂർ മധുരം’ എന്നപേരിൽ ശർക്കര വിപണിയിലെത്തിക്കുന്ന പദ്ധതി പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പുമന്ത്രി ഒ.ആർ.കേളു ഉദ്ഘാടനംചെയ്തു.

ഉത്പാദന യൂണിറ്റിന്‍റേയും മറയൂർ മധുരം ബ്രാൻഡിന്‍റേയും ഉദ്ഘാടനമാണ് കാന്തല്ലൂർ ദെണ്ഡുകൊമ്പിൽ നടന്നത്. ഗോത്രസമൂഹം ആദ്യമായാണ് മറയൂർ ശർക്കര നേരിട്ട് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിന്‍റെ നേതൃത്വത്തിലും ഉടമസ്ഥതയിലുമാണ് മറയൂർ മധുരം ശർക്കര വിപണികളിലെത്തിക്കുന്നത്. കാലങ്ങളായി ശർക്കര നിർമ്മാണവും കരിമ്പ് കൃഷിയും ചെയ്തുവരുന്ന മറയൂരിലെ നൂറ്റിയൻപതോളം പട്ടികവർഗ കുടുംബങ്ങളെ സംഘടിപ്പിച്ച് മറയൂർ കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് യൂണിറ്റ് ആരംഭിച്ചത്.

പട്ടിക വർഗ കർഷകരുടെ കൈവശമുള്ള ഭൂമിയിലെ കരിമ്പ് കൃഷിക്ക് മതിയായ വില ലഭ്യമാക്കുകയും അതോടൊപ്പം ശർക്കര നിർമ്മാണത്തിന്‍റെ ലാഭം പൂർണമായും പട്ടികവർഗ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ എ.രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. സിഎംഡി ഡയറക്ടർ ഡോ. ബിനോയ് ജെ. കാറ്റാടിയിൽ, ജി.അനിൽകുമാർ, കെ.ജി.മനോജ്, ജിഷ ദിലീപ്, പി.ടി.തങ്കച്ചൻ, ദീപാ അരുൾജ്യോതി, സി.രാജേന്ദ്രൻ, ആനന്ദൻ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം