തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളിൽ 1,000 എണ്ണം തെരഞ്ഞെടുത്ത് 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് നാളെ തുടക്കമാകും.
ഒരു വർഷത്തിനുള്ളിൽ 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായാണ് "മിഷൻ-1000' പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ 500 സംരംഭകർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം നിർവഹിക്കും. വ്യവസായ- നിയമ- കയർ വകുപ്പു മന്ത്രി പി. രാജീവ് അധ്യക്ഷനാകും.
2022 - 2023 സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിച്ച നവ സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള മിഷൻ- 1000 പദ്ധതി, സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സെല്‍ഫി വീഡിയോ ചാനല്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. മിഷന്- 1000 പദ്ധതിയുടെ പോര്‍ട്ടലിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലും സെല്‍ഫി പോയിന്റ് യൂടൂബ് ചാനലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും നിര്‍വഹിക്കും.
ഹൈബി ഈഡൻ എംപി, മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എംഎൽഎ എന്നിവര്‍ മുഖ്യാതിഥികളാവും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല സ്വാഗത പ്രസംഗം നിർവഹിക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രത്യേക പ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് ഡയറക്റ്റർ എസ്. ഹരികിഷോർ നന്ദി പറയും.
ജില്ലാ കലക്റ്റര്‍ എൻ.എസ്.കെ. ഉമേഷ്, നഗരസഭാ കൗണ്‍സിലര്‍ രജനി മണി, റിയാബ് ചെയര്മാന് ഡോ. ആര്. അശോക്, കിന്‍ഫ്ര മാനെജിങ് ഡയറക്റ്റര്‍ സന്തോഷ് കോശി തോമസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ്. നിസാറുദ്ദീന്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ എഫ്ഐസിസിഐ ചെയര്മാൻ എം.ഐ. സഹദ്ദുള്ള, സിഐഐ കേരള ചെയര്മാന് അജു ജേക്കബ്, ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.