മുംബൈ: 2024 സാമ്പത്തിക വർഷത്തിലെ തന്‍റെ ശമ്പളം പൂർണമായി ഒഴിവാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ തീരുമാനം. കൊവിഡ്-19 വ്യാപകമായ 2020ലാണ് അദ്ദേഹം ആദ്യമായി ഇങ്ങനെയൊരു തീരുമാനമെടുത്തത്. പിന്നീട് ഓരോ വർഷവും ഇതു തുടർന്നുപോരുകയായിരുന്നു.
അതേസമയം, അംബാനി ശമ്പളം വാങ്ങുന്നില്ലെങ്കിലും ഈ സാമ്പത്തിക വർഷത്തിൽ റിലയൻസിലെ മറ്റു മുതിർന്ന എക്സിക്യൂട്ടീവുകളുടെയെല്ലാം ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. അംബാനിയുടെ ബന്ധുക്കളായ നിഖിൽ മേസ്വാനി, ഹിതാൽ മേസ്വാനി, എക്സിക്യൂട്ടിവ് ഡയറക്റ്റർ പി.എം.എസ്. പ്രസാദ് എന്നിവരുടെയെല്ലാം ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. മേസ്വാനിമാർക്ക് 25 കോടി രൂപ വീതമാണ് വാർഷിക ശമ്പളം. ഇതിൽ 17 കോടി രൂപ കമ്മീഷനാണ്. പ്രസാദിന്‍റെ പുതിയ ശമ്പളവും 17 കോടി രൂപ.
അംബാനിയുടെ ഭാര്യയും മുൻ നോൺ എക്സിക്യൂട്ടീവ് ഡയറക്റ്ററുമായ നിത അംബാനിക്ക് സിറ്റിങ് ഫീസായി രണ്ടു ലക്ഷം രൂപയും വാർഷിക കമ്മിഷനായി 97 ലക്ഷം രൂപയുമാണ് നൽകിയിരുന്നത്. ഡയറക്റ്റർ ബോർഡിൽ ശമ്പളമില്ലാതെ ഉൾപ്പെടുത്തിയിട്ടുള്ള മക്കൾ ഇഷ, ആകാശ്, അനന്ത് എന്നിവർക്ക് സിറ്റിങ് ഫീസായി നാല് ലക്ഷം രൂപ വീതവും വാർഷിക കമ്മിഷനായി 97 ലക്ഷം രൂപ വീതവും നൽകുന്നു.