രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ ടാറ്റ 
Business

രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ ടാറ്റ

ന്യൂഡൽഹി: രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ നവൽ ടാറ്റയെ ടാറ്റാ ട്രസ്റ്റിന്‍റെ ചെയർമാനായി തെരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ നിര്യാണത്തിന്‍റെ പശ്ചാത്തലത്തിൽ മുംബൈയിൽ ചേർന്ന സർ രത്തൻ ടാറ്റാ ട്രസ്റ്റിന്‍റെയും ദൊറാബ്ജി ട്രസ്റ്റിന്‍റെയും യോഗത്തിലാണ് തീരുമാനം.

ടാറ്റാ ഗ്രൂപ്പിൽ നോയൽ ടാറ്റ ചേരുന്നത് കാൽ നൂറ്റാണ്ടോളം മുൻപാണ്. തുടർന്നിങ്ങോട്ട് ഗ്രൂപ്പിന്‍റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചുപോരുന്നു. നിലവിൽ ടാറ്റാ സ്റ്റീലിന്‍റെയും വാച്ച് കമ്പനിയായ ടൈറ്റന്‍റെയും വൈസ് ചെയർമാനാണ്.

സിമോൺ ടാറ്റ

രത്തൻ ടാറ്റയുടെയും നോയൽ ടാറ്റയുടെയും അച്ഛൻ ഒരാളാണെങ്കിലും അമ്മ രണ്ടാണ്. രത്തൻ ടാറ്റയ്ക്ക് 10 വയസുള്ളപ്പോൾ മാതാപിതാക്കളായ നവൽ ടാറ്റയും സൂനിയും വിവാഹമോചിതരായിരുന്നു. പിന്നീട് മുത്തശ്ശിയാണ് അദ്ദേഹത്തെ വളർത്തിയത്. നവൽ ടാറ്റ പിന്നീട് വിവാഹം കഴിച്ചത് ഫ്രഞ്ച്-സ്വിസ് വംശജയായ സിമോണിനെയാണ്. ഈ ബന്ധത്തിലുള്ള മകനാണ് നോയൽ ടാറ്റ.

ട്രെന്‍റ്, വോൾട്ടാസ്, ടാറ്റാ ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ, ടാറ്റാ ഇന്‍റർനാഷണൽ എന്നിവയുടെ ചെയർപേഴ്സണും നോയൽ തന്നെയാണ്. യുകെയിലെ സസക്സ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം.

ടാറ്റാ ഇന്‍റർനാഷണൾ ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്റ്റർ എന്ന നിലയിലാണ് നോയൽ ടാറ്റ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. അദ്ദേഹം അധികാരത്തിലിരുന്ന 2010 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ കമ്പനിയുടെ വിറ്റുവരവ് 50 കോടി ഡോളറിൽ നിന്ന് 300 കോടി ഡോളറായി വർധിച്ചിരുന്നു. 1998ൽ ഒറ്റ സ്റ്റോർ മാത്രമുണ്ടായിരുന്ന ടാറ്റയുടെ റീട്ടെയിൽ വിഭാഗമായ ട്രെന്‍റ്, നോയൽ എംഡിയായിരുന്ന കാലത്താണ് 700 സ്റ്റോറുകളായി വളർന്നത്.

14 ട്രസ്റ്റുകളാണ് ടാറ്റാ ട്രസ്റ്റിനു കീഴിലുള്ളത്. ഇതിൽ സർ രത്തൻ ടാറ്റാ ട്രസ്റ്റിന്‍റെയും ദൊറാബ്ജി ട്രസ്റ്റിന്‍റെയും പേരിലാണ് ടാറ്റാ സൺസിന്‍റെ ഓഹരികളിൽ പകുതിയിലധികവും. വേണു ശ്രീനിവാസൻ, വിജയ് സിങ്, മെഹ്ലി മിസ്ത്രി എന്നിവരാണ് ട്രസ്റ്റിന്‍റെ നിർവാഹക സമിതി അംഗങ്ങൾ.

രത്തൻ ടാറ്റയുടെ ഇളയ സഹോദരനായ ജിമ്മി കുടുംബ വ്യവസായത്തിന്‍റെ ഭാഗമല്ല. സൗത്ത് മുംബൈയിലെ കൊളാബയിൽ ചെറിയൊരു രണ്ടു ബെഡ്റൂം അപ്പാർട്ട്മെന്‍റിലാണ് അദ്ദേഹത്തിന്‍റെ താമസം.

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാത്തത് സഭയ്ക്ക് നാണക്കേടെന്ന് പ്രതിപക്ഷം

സാങ്കേതികപ്രശ്നം: 141 യാത്രക്കാരുമായി തിരുച്ചിറപ്പിള്ളിക്കു മുകളിൽ പറന്ന് എയർ ഇന്ത്യ വിമാനം|Video

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള സഹായം നിർത്തി ഐഒസി

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നത് പൊലീസ് അന്വേഷിക്കണമെന്ന നടിയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

ബംഗ്ലാദേശിലെ കാളീ ക്ഷേത്രത്തിലേക്ക് മോദി സമർപ്പിച്ച കിരീടം മോഷ്ടിക്കപ്പെട്ടു; കവർച്ച പട്ടാപ്പകൽ|Video