മുംബൈ: ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം, കേരളത്തിൽ, 2022 ഒക്റ്റോബർ മുതൽ 2023 ഒക്റ്റോബർ വരെ, മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 0.18% എന്ന നേരിയ ഇടിവ്. അതേസമയം, പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ ശക്തമായ 9.22% വളർച്ചയും രേഖപ്പെടുത്തി. ഒക്റ്റോബർ 2023 ട്രായ് റിപ്പോർട്ട് പ്രകാരം ജിയോ കേരളത്തിൽ ഒരു ലക്ഷത്തി ഒൻപതിനായിരം (1,09,000) പുതിയ വരിക്കാരെ നേടിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷ കാലയളവിൽ, (2022 ഒക്റ്റോബർ മുതൽ 2023 ഒക്റ്റോബർ വരെ) ജിയോ വരിക്കാരുടെ എണ്ണം ഏകദേശം 9 ലക്ഷം വർധിച്ചു, 97.5 ലക്ഷത്തിൽ നിന്ന് ഒരു കോടി ആറു ലക്ഷമായി. എയർടെൽ വരിക്കാരിലും 6.59% വർധനയുണ്ടായി, അഞ്ച് ലക്ഷത്തിലധികം വരിക്കാരെ ചേർത്തു.
വിഐ കുത്തനെ ഇടിവ് നേരിട്ടു, 7.07% കുറഞ്ഞ്, 10 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്‍റെ വയർലെസ് ഉപഭോക്തൃ അടിത്തറയിൽ 4.41 ശതമാനം കുറവുണ്ടായി.
വയർലൈൻ വിഭാഗം മൊത്തം വരിക്കാരുടെ എണ്ണം 4.97% വർധിച്ചു. 42.58% വർധനയോടെ ജിയോ വളർച്ചാ നിരക്കിൽ മുന്നിലെത്തി, 85,000ത്തിലധികം പുതിയ ഉപയോക്താക്കളെ ചേർത്തു, 17.76% വർധനയോടെ എയർടെൽ തൊട്ടുപിന്നിൽ. ബിഎസ്എൻഎല്ലിന്‍റെ വയർലൈൻ വിഭാഗത്തിൽ 3.33 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തി.
പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം ഒക്റ്റോബറിൽ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വർക്ക് എന്ന സ്ഥാനം ഉറപ്പിച്ചു. നിലവിൽ രാജ്യത്തെ മൊബൈൽ വരിക്കാരുടെ 39% ജിയോ വരിക്കാരാണ്.