#ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഗണ്യമായി കുറഞ്ഞതിനൊപ്പം ഡോളറിനെതിരേ രൂപ സ്ഥിരതയോടെ നീങ്ങുന്നതിനാല്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം കുതിക്കുന്നു. റഷ്യയില്‍ നിന്നും മികച്ച ഇളവുകളോടെ ക്രൂഡ് ഓയില്‍ ലഭിക്കുന്നതിനാല്‍ കമ്പനികളുടെ ഇറക്കുമതി ചെലവില്‍ വന്‍ കുറവാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ദൃശ്യമായത്.
രാജ്യാന്തര വില കുത്തനെ കുറഞ്ഞിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വില്‍പ്പന വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. പൂര്‍ണമായും കമ്പനികളുടെ ഏകപക്ഷീയമായ വില നിശ്ചയ നടപടികളാണ് വിപണിയില്‍ നടക്കുന്നതെന്നും ഉപയോക്താക്കള്‍ക്ക് അധിക ഭാരം ഏല്‍പ്പിച്ച് ഇവര്‍ ലാഭം വാരിക്കൂട്ടുകയാണെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ ഡീലര്‍മാര്‍ പറയുന്നു. പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സാധ്യത മുതലെടുത്ത് ഉപയോക്താക്കളെ ഊറ്റുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവിധ അനുകൂല സാഹചര്യങ്ങള്‍ കാരണം രാജ്യത്തെ എണ്ണക്കമ്പനികളുടെ വില്‍പ്പന മാര്‍ജിന്‍ റെക്കോഡ് ഉയരത്തിലെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കൊവിഡ് കാലത്തിനു ശേഷം ജിയോ പൊളിറ്റിക്കല്‍ പ്രശ്നങ്ങളും സപ്ലൈ തടസങ്ങളും കാരണം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 120 ഡോളറിന് മുകളിലെത്തിയപ്പോള്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനായി പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ താത്കാലികമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം കഴിഞ്ഞ വര്‍ഷം ആദ്യ ആറു മാസങ്ങളില്‍ പൊതുമേഖലാ കമ്പനികള്‍ കനത്ത വില്‍പ്പന നഷ്ടം നേരിട്ടതിനാലാണ് രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിലയില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ സാധ്യത ഉപയോഗപ്പെടുത്തി കമ്പനികള്‍ ഉപയോക്താക്കളെ പിഴിയുകയാണെന്ന് ഇന്ധന വിപണിയിലുള്ളവര്‍ പറയുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബിപിസിഎല്‍) അറ്റാദായം 10,644 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 6,148 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. മൊത്തം പ്രവര്‍ത്തന വരുമാനത്തില്‍ ഏഴ് ശതമാനം ഇടിവുണ്ടായിട്ടും മാര്‍ജിനിലെ മികച്ച വർധന കാരണമാണ് കമ്പനിക്ക് വന്‍ ലാഭം നേടാന്‍ കഴിഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ലാഭം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 55 ശതമാനം ഉയര്‍ന്ന് 10,841 കോടി രൂപയില്‍ എത്തിയിരുന്നു.