#ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ നിലയില്‍ തുടരുന്നതും ആഭ്യന്തര സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വിന്റെയും കരുത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മികച്ച ലാഭം നേടുന്നു.
നടപ്പു വര്‍ഷം ആദ്യ നാലു മാസങ്ങളിലും പൊതുമേഖലാ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നിവയുടെ വില്‍പ്പനയും ലാഭക്ഷമതയും മികച്ച വളര്‍ച്ച നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്സിഡി ബാധ്യത പൂര്‍ണമായും ഒഴിഞ്ഞതും കമ്പനികള്‍ക്ക് വന്‍ നേട്ടമായി. ഇതോടൊപ്പം വരുമാന നഷ്ടം ഒഴിവാക്കാനായി പെട്രോളിയം, ഡീസല്‍ എന്നിവയുടെ വില നിര്‍ണയ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയതും അധിക ലാഭത്തിന് കമ്പനികള്‍ക്ക് അവസരമൊരുക്കി.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ദിനം തോറും പെട്രോളിനും ഡീസലിനും വിലയില്‍ മാറ്റം വരുത്തുന്ന രീതിയാണ് ദീര്‍ഘകാലമായി നിലനിന്നിരുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ ക്രൂഡ് വില കുതിച്ചുയര്‍ന്നതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കാനായി കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്ധന വിലയില്‍ കാര്യമായ മാറ്റം വരുത്താന്‍ എണ്ണ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇതുമൂലം കഴിഞ്ഞവര്‍ഷം എണ്ണക്കമ്പനികള്‍ കനത്ത വില്‍പ്പന നഷ്ടം നേരിട്ടെങ്കിലും ക്രൂഡ് വില കുത്തനെ കുറഞ്ഞതോടെ ഈ നയം അവര്‍ക്ക് വലിയ അനുഗ്രഹമായി മാറുകയാണ്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര എണ്ണക്കമ്പനിയായ ഐഒസിയുടെ അറ്റാദായം 52 ശതമാനം വർധിച്ച് 10,842 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 7082 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഐഒസിയുടെ മൊത്തം വരുമാനം നടപ്പു വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ പത്ത് ശതമാനം വർധനയോടെ 2.3 ലക്ഷം കോടി രൂപയിലെത്തി. ലാഭം ഗണ്യമായി കൂടിയ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് 30 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റാദായം കേവലം 882 കോടി രൂപ മാത്രമായിരുന്നു.
മറ്റൊരു പ്രമുഖ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ അറ്റാദായം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 72 ശതമാനം കുതിപ്പോടെ 3608 കോടി രൂപയിലെത്തി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ എച്ച്പിസിഎല്‍ 10,000 കോടി രൂപയിലധികം നഷ്ടം നേരിട്ടിരുന്നു. ഭാരത് പെട്രോളിയം കോര്‍പ്പറേഷനും നടപ്പുവര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ലാഭത്തില്‍ 50 ശതമാനത്തിലധികം വർധന നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.