CAIT 
Business

ഒരു ​​രാജ്യം ഒരു വ്യാപാര ലൈസൻസ്: CAIT

വ്യത്യസ്ത മേഖലകളിലെ രാജ്യത്തെ മികച്ച ചെറുകിട വ്യാപാരികൾക്ക് എല്ലാ വർഷവും ഡൽഹിയിൽ വച്ച് ഡിസംബറിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ദേശീയ പുരസ്കാരങ്ങൾ നൽകും

ന്യൂഡൽഹി: ഹോട്ടൽ അശോകയിൽ നടന്ന കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്‍റെ ദേശീയ ട്രേഡ് സമിറ്റ് സമിപിച്ചു. കോൺഫെഡറേഷൻ ദേശീയ സെക്രട്ടറിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റുമായ എസ്.എസ്. മനോജ് അവതരിപ്പിച്ച 'ഒരു രാജ്യം ഒരു ട്രേഡ് ലൈസൻസ്' എന്ന പ്രമേയം സമിറ്റ് ഏകകണ്ഠമായി പാസ്സാക്കി. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും വ്യാപാര ലൈസൻസ് എടുക്കുന്നത് വലിയ വെല്ലുവിളി ആണ്. ചില സംസ്ഥാനങ്ങൾ ചെറുകിട വ്യാപാര സംരംഭങ്ങൾക്ക് വലിയ സഹായവും നൽകുന്നു.

ഒരു ​​രാഷ്ട്രം ഒരു ട്രേഡ് ലൈസൻസ് എന്ന പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ, ഇതിന്മേൽ ഉത്തരവ് പുറപ്പെടുവിക്കുവാൻ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സിന്‍റെ ദേശീയ നേതൃത്ത്വം കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന തരത്തിൽ ലളിതമായ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ നിർണയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ട്രേഡ് ഫീസ് ഈടാക്കുകയും ലൈസൻസ് നൽകുകയും ചെയ്യട്ടെ. എന്നാൽ മാർഗനിർദേശങ്ങളും, നിയമങ്ങളും, നിയന്ത്രണങ്ങളും വളരെ ലളിതമായ രൂപത്തിലും രാജ്യത്തുടനീളമുള്ള എല്ലാ വ്യാപാരികൾക്കും ബാധകമാകുന്ന തരത്തിൽ ഏകീകൃത സ്വഭാവം ഉള്ളതാവണം.

കേരളത്തിൽ, വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് വളരെയധികം കടുത്ത മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ വസ്തു, കെട്ടിട, പ്രൊഫഷണൽ നികുതികൾ അടച്ച രസീതുകൾ, മാലിന്യ സംസ്കരണ ഏജൻസികളിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങി നിബന്ധനകളുടെ നീണ്ട നിരയാണ് വ്യാപാരികളുടെ മുന്നിൽ നിരത്തിയിരിക്കുന്നത്.

മരപ്പണി, വെൽഡിംഗ് & എഞ്ചിനീയറിംഗ് ജോലികൾ, ഓട്ടോ വർക്ക്‌ ഷോപ്പുകൾ, മില്ലുകൾ തുടങ്ങി നൈപുണ്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചെറുകിട-സൂക്ഷ്മ സ്ഥാപനങ്ങൾക്ക് പോലും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് NOC നേടേണ്ടതുണ്ട്. വൻകിട വ്യവസായങ്ങൾക്കും ചെറുകിട എഞ്ചിനീയറിംഗ് / മരപ്പണി വർക്ക്‌ഷോപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഒരേ മാനദണ്ഡമാണ്. ഒരു കെട്ടിട ഉടമ ബോധപൂർവം തന്‍റെ കെട്ടിട നികുതി അടച്ചില്ലെങ്കിൽ, ചെറുകിട വാടകക്കാരനായ വ്യാപാരി അത് അടക്കാൻ നിർബന്ധിതനാകും.

തമ്മിൽ എന്തെങ്കിലും വ്യവഹാരം ഉണ്ടെങ്കിൽ, കെട്ടിടത്തിൽ നിന്നും വാടകക്കാരനായ ചെറുകിട വ്യാപാരിയെ ഈ ചട്ടങ്ങളുടെ സഹായത്തോടെ കടയിൽ നിന്ന് എളുപ്പത്തിൽ പുറത്താക്കുവാൻ കെട്ടിട ഉടമയ്ക്ക് സാധിക്കും എന്ന അപകടകരമായ അവസ്ഥ ഉണ്ടെന്നും പ്രമേയത്തിൽ പറയുന്നു. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റും ദേശീയ പ്രവർത്തക സമിതി അംഗവുമായ പി. വെങ്കിട്ടരാമ അയ്യർ അനുവാദകനായിരുന്നു.

ദേശീയ ട്രേഡ് സമ്മിറ്റിൽ വ്യാപാര മേഖലയിലെ വ്യത്യസ്ത വിഷയങ്ങളിൽ ചർച്ചകളും, ക്ലാസ്സുകളും നടന്നു.

ദേശീയ പ്രസിഡന്‍റ് ബി. സി ഭാർട്ടിയ, ലോക്സഭാംഗവും ദേശീയ സെക്രട്ടറി ജനറലുമായ പ്രവീൺ ഖണ്ടേൽവാൾ, ദേശീയ ചെയർമാൻ ശ്രീ ബ്രിജ് മോഹൻ അഗർവാൾ, ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് നേതാക്കളായ എം. ശിവശങ്കർ എം.എൽ.എ, പി. വെങ്കിട്ടരാമ അയ്യർ, സതീഷ് വസന്ത്, അമർ പർവാണി, വിപിൻ അഹൂജ, പ്രകാശ് ബെയ്ദ്, സുമിത് അഗർവാൾ തുടങ്ങിയവർ സംസാരിച്ചു.

വ്യത്യസ്ത മേഖലകളിലെ രാജ്യത്തെ മികച്ച ചെറുകിട വ്യാപാരികൾക്ക് എല്ലാ വർഷവും ഡൽഹിയിൽ വച്ച് ഡിസംബർ മാസത്തിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ വച്ച് ദേശീയ പുരസ്കാരങ്ങൾ നൽകും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?