Business

ഓറ്റിക്കോൺ 2024: ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്റെ അറുപത്തിയൊന്നാം ദേശീയ സമ്മേളനം കൊച്ചിയില്‍

കൊച്ചി: ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്റെ (ഐ.ഐ.ഒ.ടി.എ) അറുപത്തിയൊന്നാമത് ദേശീയസമ്മേളനത്തിന് കൊച്ചി ആതിഥേയത്വം വഹിക്കും. ജനുവരി 19 മുതല്‍ 21 വരെ കലൂരിലെ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന പരിപാടി കേരള ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷനാണ് സംഘടിപ്പിക്കുന്നത്.

''ഒക്യുപേഷണല്‍ തെറാപ്പിയിലൂടെ മായാജാലം സൃഷ്ടിക്കാം'' എന്നതാണ് ഇത്തവണത്തെ പ്രമേയം. ഈ മേഖലയിലെ നൂതനമായ സാങ്കേതികവിദ്യകളും രീതികളും പ്രശ്‌നപരിഹാരമാര്‍ഗങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഗവേഷകര്‍ക്കും ഒക്യുപേഷണല്‍തെറാപ്പി ചെയ്യുന്നവര്‍ക്കും അവരുടെ അറിവും അനുഭവങ്ങളും നേരിട്ട് പങ്കുവെക്കാനുള്ള ഒരു വേദികൂടിയാണിത്.

ഇരിഞ്ഞാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെയുംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് സൗജന്യ ഭിന്നശേഷിനിര്‍ണയവും രക്ഷിതാക്കള്‍ക്ക് പരിശീലനവും നല്‍കുന്ന ''ചിറക്'' പദ്ധതിയും ഇതിനോടനുബന്ധിച്ച് നടക്കും. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചാനിരക്ക് സൗജന്യമായി പരിശോധിക്കാന്‍ അവസരമുണ്ടാകും. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക ക്ലാസുകളും നടത്തും. കുട്ടികളുടെ വൈകാരിക, സ്വഭാവ സവിശേഷതകള്‍ തിരിച്ചറിയാനും മനസ്സിലാക്കാനും പ്രയാസപ്പെടുന്നവര്‍ക്ക് ഈ സെഷന്‍ പ്രയോജനപ്പെടും. സംശയങ്ങള്‍ക്ക് വിദഗ്ധരില്‍ നിന്ന് മറുപടിയും ലഭ്യമാകും.

15ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പേര്‍ ഓറ്റിക്കോൺ- 2024ല്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട പതിനഞ്ചോളം വിശിഷ്ടവ്യക്തികള്‍ സമ്മേളനത്തില്‍ സംസാരിക്കും. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ഗവേഷണ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കും. ഒക്യുപേഷണല്‍തെറാപ്പി രംഗത്ത് ആഗോളതലത്തില്‍ നടക്കുന്ന ഏറ്റവും വിപുലമായ സമ്മേളനങ്ങളില്‍ ഒന്നാണ് ഓറ്റിക്കോൺ 2024. വര്‍ഷത്തിലൊരിക്കലാണ് ഐ.ഐ.ഒ.ടി.എ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഒക്യുപേഷണല്‍തെറാപ്പി രംഗത്താകെ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുള്ള പരിപാടിയാണ് ഓറ്റിക്കോൺ. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മേളനം വീണ്ടും കേരളത്തില്‍ നടത്താനുള്ള അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരള ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോസഫ് സണ്ണി പറഞ്ഞു. 2013 ല്‍ കേരളത്തില്‍ നടന്ന സമ്മേളനത്തിന് ശേഷം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലും ഉള്‍പ്പെടെ, സംസ്ഥാനത്തെ മുന്‍നിര കേന്ദ്രങ്ങളില്‍ ഒക്യുപേഷണല്‍ തെറാപ്പി കോഴ്സുകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പ്രോജക്ടുകളിലും സേവനങ്ങളിലും ഒക്യുപേഷണല്‍തെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിനും ഇത് വഴിയൊരുക്കി.

ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങളുള്ള വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ സഹായിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഒക്കുപ്പേഷണല്‍ തെറാപ്പി. അസുഖങ്ങള്‍ കാരണമോ പരിക്ക് കാരണമോ വൈകല്യങ്ങള്‍ കാരണമോ ശാരീരിക പരിമിതികള്‍ നേരിടുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഒക്യുപേഷണല്‍ തെറാപ്പി. ഇതിന് പ്രായം ഒരു തടസമല്ല.

ഓറ്റിക്കോൺ സമ്മേളനത്തോട് അനുബന്ധിച്ച് തെരുവ് നാടകമുള്‍പ്പെടെ പതിനഞ്ചോളം കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറി ഡോ. ജോസഫ് സണ്ണി, കേരള ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ്, സെക്രട്ടറി ഡോ. അനു ജോണ്‍,എന്നിവര്‍ എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ