ന്യൂഡൽഹി: പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ ( GST ) പരിധിയിൽ വരണമെന്നു തന്നെയാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാടെന്നും, സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ഇക്കാര്യത്തിൽ വിവിധ സംസ്ഥാന സർക്കാരുകൾ സമവായത്തിലെത്താത്തതാണ് തീരുമാനം നടപ്പാക്കാൻ സാധിക്കാത്തതിനു കാരണമെന്നും അവർ വ്യക്തമാക്കി.
2017 ജൂലൈ ഒന്നിന് ജിഎസ്‌ടി പ്രാബല്യത്തിൽ വന്നപ്പോൾ അഞ്ച് ഇനങ്ങളെയാണ് അതിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യുവൽ എന്നിവയാണത്. യഥാർഥത്തിൽ ഇവയെയും അന്നു തന്നെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നിരുന്നു എങ്കിലും ജിഎസ്‌ടി പ്രകാരമുള്ള കുറഞ്ഞ നികുതി ഈടാക്കുന്നത് പിന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.