കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്സിന്റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക.
കല്യാണിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായ അമിതാഭ് ബച്ചന്, ദേശീയ ബ്രാന്‍ഡ് അംബാസഡറായ കത്രീന കൈഫ്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാര്‍ജുന, തമിഴ്നാട് ബ്രാന്‍ഡ് അംബാസഡറായ പ്രഭു, കര്‍ണാടകയിലെ ശിവരാജ് കുമാര്‍, കേരള ബ്രാന്‍ഡ് അംബാസഡറായ കല്യാണി പ്രിയദര്ശന് എന്നീ പ്രശസ്ത താരങ്ങള്‍ക്കൊപ്പം രശ്മിക കൂടി ഇനി കല്യാണിനായി അണിനിരക്കും.
ദക്ഷിണേന്ത്യന്‍ വിപണികളിലേക്ക് ബ്രാന്‍ഡ് അംബാസഡറായി രശ്മിക മന്ദാനയെ ഉള്‍പ്പെടുത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് മാനെജിങ് ഡയറക്റ്റര്‍ ടി.എസ്. കല്യാണരാമന് പറഞ്ഞു. കല്യാണി പ്രിയദര്‍ശനൊപ്പം ലൈഫ്സ്റ്റൈല്‍ ആഭരണനിരയുടെ മുഖമാകുന്ന രശ്മികയുടെ ജനപ്രീതിയും ആകര്‍ഷണീയതയും വിവിധ ജനസമൂഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ബ്രാന്‍ഡിന്റെ ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.