മുംബൈ: ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം റെക്കോഡ് വളർച്ചയാണ് നേടുന്നത്. എന്നാൽ, ഉപയോക്താക്കളും വ്യാപാരികളും തമ്മിലുള്ള ഇടപാടുകൾക്കു വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ട ക്രെഡിറ്റ് കാർഡുകൾ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ വിവിധ ധനകാര്യ സ്ഥാപനങ്ങൾ പ്രോത്സാഹനം നൽകുന്നത് റിസർവ് ബാങ്കിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാർഡ് ഉപയോഗത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നാണ് സൂചന.
വീട്ടു വാടക കൈമാറുക, ട്യൂഷൻ ഫീസ് അടയ്ക്കുക തുടങ്ങി വ്യക്തികളിൽ നിന്നു വ്യക്തികളിലേക്കുള്ള പണം കൈമാറ്റത്തിനും ഇപ്പോൾ ചില ക്രെഡിറ്റ് കാർഡുകൾ സൗകര്യം ചെയ്യുന്നുണ്ട്. മുൻപ് ഫീസ് ഈടാക്കിയാണ് ഇത്തരം സേവനങ്ങൾ നൽകിയിരുന്നതെങ്കിൽ, ഇപ്പോൾ ഫീസ് ഒഴിവാക്കി പകരം അങ്ങോട്ട് റിവാർഡ് പേയ്മെന്‍റുകൾ നൽകി ഇത്തരം ഇടപാടുകളെ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്.
എന്നാൽ, ഈ രീതിയിലുള്ള പണം കൈമാറ്റം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്‍റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന വിലയിരുത്തലാണ് റിസർവ് ബാങ്കിനുള്ളതെന്നറിയുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തികൾക്കിടയിലുള്ള പണം കൈമാറ്റത്തിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ലെന്ന നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നത്.