വിദേശ സ്വർണ ശേഖരം കുറയ്ക്കാൻ ആർബിഐ 
Business

വിദേശ സ്വർണ ശേഖരം കുറയ്ക്കാൻ ആർബിഐ

ബിസിനസ് ലേഖകൻ

കൊച്ചി: വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണത്തിന്‍റെ അളവ് റിസര്‍വ് ബാങ്ക് കുത്തനെ കുറയ്ക്കുന്നു. ആഭ്യന്തര സ്വര്‍ണ ശേഖരം കുത്തനെ വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിദേശത്ത് നിന്നും സ്വര്‍ണം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് റിസര്‍വ് ബാങ്ക് ശ്രദ്ധയൂന്നുന്നത്. കഴിഞ്ഞ മാസം യുകെയില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. നിലവില്‍ മൊത്തം സ്വര്‍ണ ശേഖരത്തിന്‍റെ 47 ശതമാനം മാത്രമാണ് വിദേശത്തുള്ളത്. റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ച 2022ന് ശേഷമാണ് റിസര്‍വ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ തുടങ്ങിയത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയുടെ വിദേശ നാണയ ശേഖരം അമെരിക്ക മരവിപ്പിച്ചതോടെ വിദേശത്ത് സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ സൂക്ഷിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ മടിക്കുകയാണ്. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് റിസര്‍വ് ബാങ്കിന്‍റെ കൈവശം 822.1 ടണ്‍ സ്വര്‍ണമാണുള്ളത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സൂക്ഷിക്കുന്ന സ്വര്‍ണ ശേഖരത്തിന്‍റെ അളവ് 39 ശതമാനത്തില്‍ നിന്ന് 53 ശതമാനമായാണ് ഉയര്‍ന്നത്.

ഇതിനിടെ വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 19 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് വാങ്ങിയത്.

കഴിഞ്ഞ വര്‍ഷം സ്വര്‍ണ ശേഖരത്തില്‍ 16 ടണ്ണിന്‍റെ വർധനയുണ്ട്. നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാല്‍ ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ഇതിലൂടെ കഴിയുമെന്ന് വിലയിരുത്തുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സ്വര്‍ണത്തിന് പ്രിയം കൂട്ടുകയാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു