ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യാന്തര വ്യാപാര ഇടപാടുകൾ പരമാവധി പ്രാദേശിക നാണയങ്ങളിൽ സെറ്റിൽമെന്റ് നടത്താൻ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ അസാധാരണമായി ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ ഡോളർ ആശ്രയത്വം ഗണ്യമായി കുറയ്ക്കണമെന്ന നിലപാടിലാണ് റിസർവ് ബാങ്ക്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) വ്യാപാര പങ്കാളികളുമായ കച്ചവട ഇടപാടുകൾ ഇന്ത്യൻ രൂപയിൽ അല്ലെങ്കിൽ യുഎഇ ദിർഹമിൽ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. ഉഭയ കക്ഷി വ്യാപാരത്തിന്റെ നിശ്ചിത ശതമാനം പ്രാദേശിക നാണയങ്ങളിൽ പൂർത്തിയാക്കാൻ റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ താമസിയാതെ പുറത്തിറക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ യുഎഇ, റഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുമായി ഡോളർ ഒഴിവാക്കി പ്രാദേശിക നാണയങ്ങളിൽ വ്യാപാര സെറ്റിൽമെന്റ് നടത്താൻ ഈ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി റിസർവ് ബാങ്ക് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
യു.എ. ഇയുമായി ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,162 കോടി ഡോളറായിരുന്നു. രാജ്യത്തിന്റെ മൊത്തം വ്യാപാര കമ്മിയുടെ 9 ശതമാനമാണിത്. കഴിഞ്ഞ മാസം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെ വ്യാപാര ഇടപാട് സെറ്റിൽമെന്റ് രൂപയിലാണ് നടത്തിയത്.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സ്ഥിരതയോടെ മെച്ചപ്പെടുന്നതും അമെരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ വൻ വർധനയും കണക്കിലെടുത്ത് രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താൻ കൂടുതൽ വിദേശ ബാങ്കുകൾ ഒരുങ്ങുകയാണ്.
നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി അമേരിക്കയിലെ ഫെഡറൽ റിസർവ് തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ഏറെ ശക്തി പ്രാപിച്ചിരുന്നു. ഇതോടെ മൂന്നാം ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ വിദേശ നിക്ഷേപ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായതിനാലാണ് പല ബാങ്കുകളും ബദൽ മാർഗങ്ങൾ തേടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബംഗ്ലാദേശ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ബാങ്കുകളും ഇന്ത്യയിലേക്കുള്ള കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ രൂപയിൽ സെറ്റിൽമെന്റ് നടത്താനുള്ള നടപടികളിലേക്ക് കടന്നിരുന്നു.
അമേരിക്കൻ ഡോളറിലുള്ള അമിത ആശ്രയത്വം കുറയ്ക്കാനും വിദേശ വ്യാപാരം കൂടുതൽ ലാഭക്ഷമമാക്കാനും ലക്ഷ്യമിട്ട് ബംഗ്ലാദേശിലെ രണ്ട് പ്രമുഖ ബാങ്കുകൾ രൂപയിലുളള സെറ്റിൽമെന്റ് നടപടികളിലേക്ക് 2 മാസം മുൻപ് കടന്നിരുന്നു. ബംഗ്ലാദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സോനാലി ബാങ്കും സ്വകാര്യ മേഖലയിലുള്ള ഈസ്റ്റേൺ ബാങ്കുമാണ് രൂപയിലധിഷ്ഠിതമായ വിദേശ വ്യാപാര ഇടപാടുകൾക്ക് തയാറെടുക്കുന്നത്. ഇതിനായി ഇന്ത്യയിലെ മുൻനിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐഐസിഐ ബാങ്ക് എന്നിവയിൽ സോനാലി ബാങ്ക് രൂപയിലുള്ള അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്.
ഇന്ത്യ- ബംഗ്ലാദേശ് രാജ്യാന്തര വ്യാപാരത്തിൽ ഡോളറിനു പകരം രൂപ ഉപയോഗിക്കുന്നതോടെ ലാഭക്ഷമത മെച്ചപ്പെടുത്താനും ഇടപാടുകളുടെ സങ്കീർണത കുറയ്ക്കാനും കഴിയുമെന്ന് സോനാലി ബാങ്കിന്റെ മാനെജിങ് ഡയറക്റ്റർ പറയുന്നു. ബംഗ്ലാദേശ് നിലവിൽ പ്രതിവർഷം 1,400 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് വാങ്ങുന്നത്. ഡോളറിന്റെ മൂല്യവർധന മൂലം ബംഗ്ലാദേശിന്റെ വിദേശ നാണയ ശേഖരം 3,100 കോടി ഡോളറായി കുത്തനെ ഇടിഞ്ഞിരുന്നു.