Record vehicle sales in October 
Business

ഒക്റ്റോബറിൽ റെക്കോഡ് വാഹന വിൽപ്പന

കൊച്ചി: ഒക്റ്റോബറില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പന റെക്കോഡിലെത്തി. ഉത്സവ സീസണിലെ ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് കമ്പനികള്‍ ഡീലര്‍മാരിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ അയച്ചതാണ് ഈ കുതിപ്പിനു കാരണം. ഒക്റ്റോബറിലെ മൊത്ത വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 16 ശതമാനം ഉയര്‍ന്ന് 3,91,472 യൂണിറ്റായി. ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. 50.7 ശതമാനം വിപണി വിഹിതമുള്ള സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളാണ് വില്‍പ്പന കണക്കില്‍ മുന്നില്‍.

മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് യാത്രാ വാഹനങ്ങളുടെ പ്രതിമാസ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഒക്റ്റോബറില്‍ മാരുതി സുസുക്കി ഇന്ത്യ വിറ്റഴിച്ചത് 1,77,266 വാഹനങ്ങളാണ്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 147,072 വാഹനങ്ങളാണ് വിറ്റഴിച്ചത്. 21 ശതമാനമാണ് വര്‍ധന.‌ മാരുതിയുടെ ആഭ്യന്തര വാഹന വില്‍പ്പന 2022 ഒക്റ്റോബറിലെ 1,40,337ല്‍ നിന്ന് 1,68,047 എണ്ണമായി ഉയര്‍ന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. 2020 ഒക്റ്റോബറില്‍ നടത്തിയ 1,63,656 വാഹനങ്ങളാണ് ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പന.

അതേസമയം, ഓള്‍ട്ടോ, എസ്പ്രസോ തുടങ്ങിയ ചെറുകാറുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ 24,936 യൂണിറ്റില്‍ നിന്ന് 14,568 യൂണിറ്റായി കുറഞ്ഞു. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ ആര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പന 73,685 എണ്ണത്തില്‍ നിന്ന് 80,662 എണ്ണമായി ഉയര്‍ന്നു. യൂട്ടിലിറ്റി വാഹനങ്ങളായ ബ്രസ, ഗ്രാന്‍ഡ് വിറ്റാറ, എര്‍ട്ടിഗ, എക്സ്എല്‍ 6 എന്നിവയുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ 30,971 യൂണിറ്റില്‍ നിന്ന് 91 ശതമാനം ഉയര്‍ന്ന് 59,147 യൂണിറ്റായി.

ഇക്കാലയളവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ യൂട്ടിലിറ്റി കാര്‍ വില്‍പ്പന 36 ശതമാനം ഉയര്‍ന്ന് 43,708 വാഹനങ്ങളായി. ഹ്യുണ്ടായിയുടെ ആഭ്യന്തര കാര്‍ വില്‍പ്പന 15 ശതമാനം വര്‍ധിച്ച് 55,128 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ വില്‍പ്പന 48,001 വാഹനങ്ങളായിരുന്നു. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സിന്‍റെ ഇലക്‌ട്രിക് കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ മൊത്ത വില്‍പ്പന കഴിഞ്ഞ മാസത്തില്‍ 48,337 എണ്ണമാണ്. മുന്‍ വര്‍ഷത്തെ സമാന മാസത്തെ 45,217 വാഹനങ്ങളുമായി നോക്കുമ്പോള്‍ ഏഴ് ശതമാനത്തിന്‍റെ വര്‍ധനയുണ്ട്. ടോയോട്ട കിര്‍ലോസ്കര്‍ കഴിഞ്ഞ മാസം നടത്തിയത് 21,879 വാഹനങ്ങളുടെ മൊത്ത വില്‍പ്പനയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 66 ശതമാനമാണ് വര്‍ധന. കിയ ഇന്ത്യയുടെ വില്‍പ്പന ഒക്റ്റോബറില്‍ 4.4 ശതമാനം ഉയര്‍ന്ന് 24,351 യൂണിറ്റായി.

ഇരുചക്ര വാഹന വിപണിയിലും മുന്നേറ്റം

ഇരുചക്ര വാഹന വിപണിയും തിരിച്ചു വരുന്ന കാഴ്ചയാണ് ഒക്റ്റോബറില്‍ കണ്ടത്. 26.5 ശതമാനം വില്‍പ്പനയുമായി ഹീറോ മോട്ടോകോര്‍പ്പാണ് മുന്നില്‍. 5,74,930 വാഹനങ്ങളാണ് ഒക്റ്റോബറില്‍ വിറ്റഴിച്ചത്. 2022 ഒക്റ്റോബറില്‍ ഇത് 4,54,582 യൂണിറ്റായിരുന്നു. ഹീറോയുടെ മുഖ്യ എതിരാളിയായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ഇക്കാലയളവിലെ വില്‍പ്പന 4,92,884 വാഹനങ്ങളാണ്. മുന്‍ വര്‍ഷത്ത അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ചയുണ്ട്. ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടൊ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയും മികച്ച വില്‍പ്പന രേഖപ്പെടുത്തി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു