മുംബൈ/കൊച്ചി: ഉപഭോക്താക്കള്‍ക്കായി പരിധിയില്ലാത്ത സേവനങ്ങള്‍ നല്‍കുന്ന പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും മികച്ച ടെലികോം ശൃംഖലയായ ജിയോ. സുസ്ഥിരമായ ടെലികോം വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അതിലൂടെ ശരിയായ ഡിജിറ്റല്‍ ജീവിതം ജനങ്ങള്‍ക്ക് സമ്മാനിച്ച് പ്രീമിയര്‍ ഡിജിറ്റല്‍ സൊസൈറ്റി ആയി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജിയോ വ്യക്തമാക്കി.
ഏറ്റവും താങ്ങാവുന്ന നിരക്കില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ ആഗോളതലത്തില്‍ നല്‍കുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2 ജിബിയും അതിനു മുകളിലും ഡാറ്റയുള്ള പ്ലാനുകളിലാണ് അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ലഭ്യമാകുക. ജൂലൈ 3 മുതല്‍ പുതിയ പ്ലാനുകള്‍ ലഭ്യമായി തുടങ്ങും.
'5ജി, എഐ സാങ്കേതികവിദ്യ എന്നിവയിലെ നിക്ഷേപത്തിലൂടെ രാജ്യത്ത് സുസ്ഥിരമായ ടെലികോം വ്യവസായം കെട്ടിപ്പടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആ സങ്കല്‍പ്പത്തിന് അനുയോജ്യമായാണ് പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. തടസമില്ലാത്ത, ഉന്നത ഗുണനിലവാരത്തിലുള്ള ഇന്റര്‍നെറ്റാണ് ഡിജിറ്റല്‍ ഇന്ത്യയുടെ നട്ടെല്ല്. അതുറപ്പാക്കാനാണ് ജിയോയുടെ എപ്പോഴത്തെയും ശ്രമം. ഉപഭോക്താക്കളും രാജ്യവുമാണ് ഞങ്ങളെ സംബന്ധിച്ച് മുഖ്യം,' റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.
ഇന്ത്യയില്‍ ഇപ്പോഴും 250 മില്യണ്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളുണ്ട്. അവര്‍ ഇപ്പോഴും 2ജി യുഗത്തിലാണ് ജീവിക്കുന്നത്. അവരെ ഡിജിറ്റല്‍ ലൈഫിലേക്ക് ശാക്തീകരിക്കുന്നതിനായാണ് 4ജി അധിഷ്ഠിത ജിയോഫോണ്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഇതിനോടൊപ്പം ജിയോ സെയ്ഫ്, ജിയോ ട്രാന്‍സ്ലേറ്റ് എന്നിങ്ങനെ രണ്ട് പുതിയ സേവനങ്ങളും ജിയോ അവതരിപ്പിച്ചു. കോള്‍, മെസേജിങ്, ഫയല്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ നല്‍കുന്ന ക്വാണ്ടം സുരക്ഷിത കമ്യൂണിക്കേഷന്‍ ആപ്പാണ് ജിയോ സെയ്ഫ്. പ്രതിമാസം 199 രൂപയാണ് സേവനനിരക്ക്.
എഐ അധിഷ്ഠിത ബഹുഭാഷാ കമ്യൂണിക്കേഷന്‍ ആപ്പാണ് ജിയോ ട്രാന്‍സ്ലേറ്റ്. ഇതുപയോഗിച്ച് വോയ്‌സ് കോളുകളും വോയ്‌സ് മെസേജുകളുമെല്ലാം ട്രാന്‍സ്ലേറ്റ് ചെയ്യാം. 99 രൂപ പ്രതിമാസ നിരക്കിലാണ് ഇത് ലഭ്യമാകുക. എന്നാല്‍ ഒരു വര്‍ഷത്തേക്ക് ഈ രണ്ട് ആപ്പുകളും ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും.