കൊച്ചി: നാണയപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതിനാല്‍ റിസര്‍വ് ബാങ്ക് ഇത്തവണയും മുഖ്യ പലിശ നിരക്ക് 6.5 ശതമാനമായി നിലനിർത്തി. സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ പലിശ നിരക്കില്‍ തിരക്കിട്ട് കുറവ് വരുത്തേണ്ടെന്നാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ച ധന അവലോകന നയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വ്യക്തമാക്കിയത്.
വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശ ഉയര്‍ന്ന തലത്തില്‍ തുടരും. കഴിഞ്ഞ 7 ധന അവലോകന നയങ്ങളിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. നാണയപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയെത്തിക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ജനുവരി-ഫെബ്രുവരി കാലയളവില്‍ 5.1 ശതമാനമായി താഴ്ന്നിരുന്നു.
അതേസമയം അമെരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകള്‍ സെപ്റ്റംബറിന് മുന്‍പ് പലിശ നിരക്കില്‍ അര ശതമാനം കുറവ് വരുത്താന്‍ സാധ്യതയേറി. 2022 മേയ് മാസത്തിന് ശേഷം റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് 2.5 ശതമാനം വർധന വരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.