വ്യാപരികൾക്ക്‌ ആശ്വാസം, കൊള്ളലാഭം തടയണമെന്ന് കേരളം Representative image
Business

വ്യാപരികൾക്ക്‌ ആശ്വാസം, കൊള്ളലാഭം തടയണമെന്ന് കേരളം

തിരുവനന്തപുരം: ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് വിഷയത്തിൽ റിട്ടേണുകൾ കൃത്യമായ സമയത്ത് നൽകാത്തതുമൂലം നോട്ടീസ്‌ ലഭിച്ച വ്യാപാരികൾക്ക്‌ കൃത്യമായ കണക്ക്‌ ലഭ്യമാക്കാൻ ഒരു അവസരംകൂടി നൽകാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. 2021 വരെയുള്ള റിട്ടേണുകളിൽ ഇൻപുട്ട്‌ ക്രഡിറ്റുമായി ബന്ധപ്പെട്ട്‌ നോട്ടീസ്‌ ലഭിച്ച വ്യാപാരികൾക്കാണ്‌ ഈ സൗകര്യം ഒരുങ്ങുക.

മനപൂർവമായ നികുതി വെട്ടിപ്പ്‌ ഇല്ലാത്ത നോട്ടീസുകൾക്ക്‌ പലിശയും പിഴയും കൂടാതെ നികുതി ബാധ്യത തീർക്കുന്നതിനും, അനാവശ്യമായ കുറേ നിയമ നടപടികൾ ഒഴിവാക്കുന്നതിനുള്ള തീരുമാനവും കൗൺസിലിൽ ഉണ്ടായി. ജിഎസ്‌ടിയിലെ കൊള്ളലാഭം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടു.

കൊള്ളലാഭ നിയന്ത്രണ സംവിധാനത്തിൽ 2025 ഏപ്രിൽ മുതൽ പുതിയ പരാതികൾ സ്വീകരിക്കുന്നതിന്‌ വിലക്ക്‌ ഏർപ്പെടുത്താനുള്ള നീക്കം പുനപ്പരിശോധിക്കണം. മുമ്പ്‌ ഒട്ടേറെ ഇനങ്ങളുടെ ജിഎസ്‌ടി നിരക്കുകൾ 28 -ൽനിന്ന്‌ 18 ശതമാനമായി കുറച്ചതിന്‍റെ പ്രയോജനം ഉപഭോക്താക്കൾക്ക്‌ കിട്ടിയില്ലെന്നത്‌ കേരളം ഉദാഹരണ സഹിതം വിവരിച്ചു.

നികുതി കുറച്ച 25 ഇനങ്ങൾക്ക്‌ ഉപഭോക്താക്കളിൽനിന്ന്‌ വാങ്ങുന്ന വിലയെ താരതമ്യപ്പെടുത്തി കേരളം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ അവതരിപ്പിച്ചത്‌. ഭാവിയിൽ ഇത്തരം സാഹചര്യമുണ്ടായാൽ, പരിശോധിച്ച്‌ ആവശ്യമായ തീരുമാനം എടുക്കാമെന്നും കൗൺസിൽ ധാരണയായി.

കേന്ദ്ര ബജറ്റ്‌ അവതരണത്തിനുശേഷം എല്ലാ കാര്യങ്ങളിലും കൂടുതൽ പരിശോധനകൾ തുടരാമെന്നും, അടുത്ത ഓഗസ്റ്റിലോ സെപ്റ്റംബറിലോ അടുത്ത കൗൺസിൽ യോഗം ചേരാനും ധാരണയായതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു