റബര്‍ വില കുതിച്ചുയരുന്നു: കര്‍ഷകര്‍ക്കിപ്പോഴും നഷ്ടക്കണക്ക് 
Business

റബര്‍ വില കുതിച്ചുയരുന്നു: കര്‍ഷകര്‍ക്കിപ്പോഴും നഷ്ടക്കണക്ക്

കൊച്ചി: റബര്‍ വിലയില്‍ ഓരോ ദിവസവും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഭ്യന്തര വിലയ്ക്കൊപ്പമല്ലെങ്കിലും അന്താരാഷ്‌ട്ര വിലയും കയറി തുടങ്ങിയതോടെ ഇറക്കുമതിയിലൂടെ വിലയിടിക്കാമെന്ന ടയര്‍ കമ്പനികളുടെ ആഗ്രഹവും സഫലമാകില്ല. വിപണിയിലേക്ക് ചരക്കെത്തുന്നത് തീരെ കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണം.

ആര്‍എസ്എസ്4ന് 224-226 രൂപ വരെ നല്‍കിയണ് ചെറുകിട വ്യാപാരികള്‍ റബര്‍ ഷീറ്റ് ശേഖരിക്കുന്നത്. മഴ കനത്തതോടെ തോട്ടങ്ങളില്‍ ടാപ്പിങ് കുറഞ്ഞിട്ടുണ്ട്. ഷീറ്റാക്കി വിറ്റിരുന്ന പലരും ലാറ്റക്സ് വിൽപ്പനയിലേക്ക് താത്കാലികമായി തിരിഞ്ഞിട്ടുണ്ട്.

വിപണിയിലേക്കുള്ള ചരക്ക് വരവ് നേര്‍ത്തതോടെ ഇറക്കുമതിക്കുള്ള നീക്കങ്ങള്‍ ടയര്‍ കമ്പനികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ കണ്ടെയ്നര്‍ ലഭ്യത ഇതുവരെ പൂര്‍ണതോതില്‍ ആയിട്ടില്ല. മാത്രവുമല്ല, തായ്‌ലന്‍ഡില്‍ ഉള്‍പ്പെടെ ഉത്പാദനം മുന്‍വര്‍ഷത്തേക്കാള്‍ ഏറെ താഴെയുമാണ്.

തായ്‌ലന്‍ഡ് റബറിന്‍റെ വില 190 രൂപയാണ്. 32 രൂപയാണ് ആഭ്യന്തര-അന്താരാഷ്‌ട്ര വിലകള്‍ തമ്മിലുള്ള വ്യത്യാസം. സാധാരണഗതിയില്‍ അന്താരാഷ്‌ട്ര വില ഉയര്‍ന്നു നില്‍ക്കുകയും ആഭ്യന്തര വില 15-25 രൂപ താഴ്ന്നു നില്‍ക്കുകയുമായിരുന്നു പതിവ്. ഇത്തവണ പക്ഷേ ഈ രീതിക്ക് മാറ്റം വന്നു.

2011 ഏപ്രില്‍ അഞ്ചിനായിരുന്നു കേരളത്തില്‍ റബര്‍ വില ഏറ്റവും ഉയരത്തിലെത്തിയത്. അന്ന് 243 രൂപയിലാണ് വ്യാപാരം നടന്നത്. അതിനു മുമ്പോ ശേഷമോ ഈ വിലയ്ക്ക് റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ കര്‍ഷകര്‍ക്ക് കാര്യമായ നേട്ടവുമില്ലാത്ത അവസ്ഥയാണ്.

ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ഓഗസ്റ്റില്‍ വില 250ലെത്തുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ടയര്‍ കമ്പനികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

പ്രകൃതിദത്ത റബറിന്‍റെ ലഭ്യത കുറഞ്ഞതോടെ ഇറക്കുമതി നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഓട്ടൊമോട്ടീവ് ടയര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (ആത്മ) ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ടെയ്നര്‍-കപ്പല്‍ ലഭ്യത കുറഞ്ഞതോടെ ഒന്നര മാസമായി റബര്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്.

ആഭ്യന്തര ഉത്പാദനം നേര്‍ത്തതോടെ റബര്‍ ലഭ്യതയും കൂപ്പുകുത്തി. പല വന്‍കിട ടയര്‍ കമ്പനികളും നിര്‍മാണം വെട്ടിക്കുറച്ചിരിക്കുകയാണ്. ലോകത്തെ മുന്‍നിര ടയര്‍ നിര്‍മാതാക്കളും കയറ്റുമതിക്കാരുമാണ് ഇന്ത്യ. പ്രകൃതിദത്ത റബര്‍ കിട്ടാതായത് ടയര്‍ മേഖലയുടെ നട്ടെല്ല് തകര്‍ക്കുമെന്നാണ് ആത്മയുടെ വാദം.

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിന് ഒക്ടോബർ 3 ന് തുടക്കം: ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു