ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണ വില ഉയരുകയും രാജ്യാന്തര വിപണിയിൽ ഡോളർ ശക്തിയാർജിക്കുകയും ചെയ്തതോടെ രൂപയുടെ മൂല്യത്തകർച്ച സര്‍വകാല റെക്കോഡ് ഭേദിച്ചു. ഡോളറിനെതിരെ 84.0525 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്.
84 രൂപയാണ് ഒരു ഡോളറിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയ നിരക്ക്. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപത്തിന്‍റെ ഒഴുക്ക് കൂടിയതും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്.
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ഉടനെ തന്നെ റിസര്‍വ് ബാങ്കിന്‍റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാഴ്ച മുമ്പ് രൂപയുടെ മൂല്യം 83.50ന് അടുത്ത് എത്തിയിരുന്നു. എന്നാല്‍, മിഡിൽ ഈസ്റ്റിലെ പ്രശ്‌നങ്ങളെ തുടർന്ന് എണ്ണവില ഉയര്‍ന്നത് രൂപയെ സ്വാധീനിച്ചു. ഒക്ടോബറിൽ മാത്രം ഇതുവരെ 10 ശതമാനത്തിലധികം ഉയർന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്‍റെ വില വ്യാഴാഴ്ച 3.5 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 79.1 ഡോളറായിരുന്നു. സെപ്റ്റംബര്‍ 12നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83 രൂപയായിരുന്നു.