ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.1150 എന്ന റെക്കോര്‍ഡ് നിലയിലേക്കാണ് കൂപ്പുകുത്തി. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്‍റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നത്.
എന്നാൽ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താഴ്ചയായ 84.09 ആണ് ഇന്ന് തിരുത്തിയത്. ഇതോടെ ഒരു ഡോളര്‍ വാങ്ങാന്‍ 84.10 രൂപ നല്‍കണം. അമെരിക്കന്‍ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന അനിശ്ചിതത്വവും ചൈനീസ് വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്കുമെന്നാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഇന്ന് ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റി ഇക്വിറ്റി സൂചികകളും 1.5 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. സെപ്റ്റംബര്‍ 12നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83 രൂപയായിരുന്നു.