കൊച്ചി: വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ആവേശത്തോടെ പണമൊഴുക്കിയതോടെ ഇന്ത്യന്‍ ഓഹരി പുതിയ റെക്കോഡ് ഉയരത്തിലെത്തി. തുടര്‍ച്ചയായി റെക്കോഡുകള്‍ പുതുക്കി മുന്നേറുന്ന ഓഹരി വിപണി ഇന്ന് (03/07/2024) സെന്‍സെക്‌സ് ആദ്യമായി 80,000 എന്ന സര്‍വകാല റെക്കോര്‍ഡ് കടന്നു.
വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്‌സ് 498.51 പോയിന്‍റ് മുന്നേറിയപ്പോഴാണ് 80,000 എന്ന സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. നിലവില്‍ 80,039.22 പോയിന്‍റിന് മുകളിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 24,250 പോയിന്‍റ് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 134.80 പോയിന്‍റുമാണ് ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രാ ടെക് സിമന്‍റ് ഓഹരികള്‍ നഷ്ടം നേരിട്ടു.
ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. നടപ്പു വര്‍ഷത്തെ ഏറ്റവും മികച്ച നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ജൂണിനിലെ ആവേശം ജൂലൈയിലേക്കും നീങ്ങുകയാണെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു. അമെരിക്കയില്‍ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ പലിശ കുറയുമെന്ന പ്രതീക്ഷയും യുഎസ് കടപ്പത്രങ്ങളുടെ മൂല്യ ഇടിവും കണക്കിലെടുത്ത് വന്‍കിട ഫണ്ടുകള്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള വിപണിയായി ഇന്ത്യയെയാണ് കണക്കാക്കുന്നത്. ഉത്പാദന മേഖലയിലെ വെല്ലുവിളികളും ഉയര്‍ന്ന പലിശ നിരക്കും വിലക്കയറ്റ ഭീഷണിയും മറികടന്ന് ഇന്ത്യന്‍ കമ്പനികള്‍ മികച്ച പ്രകടനം തുടരുന്നതിനാലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.