Business

വ്യക്തിഗത വായ്പകൾ: ആശങ്കയോടെ ബാങ്കിങ് മേഖല

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം വായ്പകളുടെ 30 ശതമാനത്തിന് മുകളിലാണ് പേഴ്സ്ണല്‍ വായ്പകളുടെ വിഹിതം.

ബിസിനസ് ലേഖകൻ

കൊച്ചി: സാമ്പത്തിക മേഖലയിലെ ഉണര്‍വില്‍ വ്യക്തിഗത വായ്പകളുടെ വിതരണം കുത്തനെ കൂടുന്നതിനാല്‍ ബാങ്കിങ് മേഖല പ്രതിസന്ധി നേരിട്ടേക്കുമെന്ന ആശങ്ക ശക്തമാകുന്നു. മുന്‍പൊരിക്കലുമില്ലാത്ത തരത്തിലാണ് നിലവില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ വ്യക്തിഗത വായ്പാ വിതരണം മൂന്ന് ഇരട്ടി വർധിച്ച് 51.7 ലക്ഷം കോടി രൂപയിലെത്തി. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം വായ്പകളുടെ 30 ശതമാനത്തിന് മുകളിലാണ് പേഴ്സ്ണല്‍ വായ്പകളുടെ വിഹിതം. 2017 മാര്‍ച്ചില്‍ വ്യക്തിഗത വായ്പകളുടെ വിഹിതം 21.5 ശതമാനമായിരുന്നു.

തിരിച്ചടവ് മുടങ്ങിയാല്‍ പണം തിരികെ ലഭിക്കാന്‍ സാധ്യത കുറവുള്ളതാണ് വ്യക്തിഗത വായ്പകളെന്നതിനാല്‍ ബാങ്കുകള്‍ക്ക് വലിയ വെല്ലുവിളിയാണ് പുതിയ സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ലളിതവും ഉദാരവുമായ നടപടി ക്രമങ്ങളിലൂടെ അതിവേഗം നല്‍കാന്‍ കഴിയുന്നതിനാല്‍ വ്യക്തിഗത വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത അധികമായതിനാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേഴ്സണല്‍ വായ്പകള്‍ക്ക് 15 മുതല്‍ 35 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്. അതിനാലാണ് ബാങ്കുകള്‍ വ്യക്തിഗത വായ്പാ വിതരണത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ഭവന, വാഹന, സ്വര്‍ണപ്പണയ വായ്പകള്‍ക്ക് ബാങ്കുകള്‍ മതിയായ ഈട് വാങ്ങുന്നതിനാല്‍ തിരിച്ചടവ് മുടങ്ങിയാലും ബാങ്കിന് ഒരു പരിധി വരെ പണം തിരികെ വാങ്ങാനാകും. എന്നാല്‍ പേഴ്സണല്‍ വായ്പകളേറെയും ഈടില്ലാത്ത വായ്പകളാണ്.

കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഹയര്‍ പര്‍ച്ചേസിനും മറ്റ് ആവശ്യങ്ങള്‍ക്കുമാണ് പ്രധാനമായും വ്യക്തിഗത വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നത്. ഫിന്‍ടെക്ക് കമ്പനികളുടെയും ഇന്‍സ്റ്റന്‍റ് ഡിജിറ്റല്‍ വായ്പകളുടെയും വരവോടെ ഈ മേഖലയില്‍ അസാധാരണമായ വളര്‍ച്ചയാണ് ദൃശ്യമാകുന്നതെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.

പ്രമുഖ ബാങ്കുകളുടെ വ്യക്തിഗത വായ്പാ പോര്‍ട്ട്ഫോളിയോയില്‍ 85 ശതമാനം വരെ ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള ചെറുവായ്പകളാണെന്ന് റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?