ഇന്ത്യൻ ധനതന്ത്രം; ഡോളറിനു പകരം രൂപ നീക്കം വിജയത്തിലേക്ക് 
Business

ഇന്ത്യൻ ധനതന്ത്രം; ഡോളറിനു പകരം രൂപ നീക്കം വിജയത്തിലേക്ക്

റഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് രൂപയിലെ വ്യാപാര ഇടപാടുകള്‍ വർധിക്കുന്നതോടെ ഡോളറിന്‍റെ ആധിപത്യം കുറയുമെന്ന് വിദഗ്ധര്‍ കരുതുന്നു.

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യാന്തര വ്യാപാരങ്ങളില്‍ ഡോളറിന് പകരം രൂപയില്‍ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യയുടെ നീക്കം വിജയകരമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളുമായി കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ ഭാഗികമായി രൂപയിലും അതത് രാജ്യങ്ങളിലെ പ്രാദേശിക നാണയങ്ങളിലും സെറ്റില്‍ ചെയ്യാനുള്ള ഇന്ത്യയുടെ നടപടികള്‍ക്ക് പിന്തുണ ഏറുകയാണ്. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ തുടര്‍ച്ചയായി ശക്തിയാര്‍ജിക്കുന്നതും ഇറക്കുമതി ചെലവിലെ വർധനയും കണക്കിലെടുത്താണ് ഡോളറിന് പകരം വ്യാപാര ഇടപാടുകള്‍ രൂപയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി രൂപ ഉപയോഗിച്ചുള്ള വ്യാപാര ഇടപാടുകള്‍ വർധിക്കുകയാണ്. രാജ്യാന്തര വ്യാപാരത്തില്‍ രൂപയെ പ്രധാന നാണയമായി മാറ്റാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മ്യാന്‍മാറിലേക്ക് കഴിഞ്ഞ മാസം ഒരു കോടി രൂപയുടെ പയര്‍വര്‍ഗങ്ങള്‍ ഇന്ത്യ കയറ്റിയയച്ചതിന്‍റെ പേയ്മെന്‍റ് പൂര്‍ണമായും രൂപയിലാണ് പൂര്‍ത്തിയാക്കിയത്. മ്യാന്‍മാറിന്‍റെ ഔദ്യോഗിക നാണയമായ ക്യാട്ടും ഇന്ത്യന്‍ രൂപയും വിപുലമായി ഉപയോഗിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

റഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് രൂപയിലെ വ്യാപാര ഇടപാടുകള്‍ വർധിക്കുന്നതോടെ ഡോളറിന്‍റെ ആധിപത്യം കുറയുമെന്ന് വിദഗ്ധര്‍ കരുതുന്നു. യുക്രെയ്‌ന്‍ ആക്രമണത്തിന് ശേഷം അമെരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഡോളറിന് പകരം രൂപ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന സാധ്യത ഇന്ത്യ പരിഗണിച്ചത്. റഷ്യയില്‍ നിന്ന് മികച്ച വിലയിളവോടെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് എണ്ണ വിൽക്കാന്‍ തുടങ്ങിയതോടെ വ്യാപാര കമ്മി കുറയ്ക്കാനും ലാഭക്ഷമത മെച്ചപ്പെടുത്താനും കഴിഞ്ഞു. ഇതിനിടെ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി ഇടപാടുകള്‍ നടത്തുന്ന ബാങ്കുകള്‍ പേയ്മെന്‍റിന്‍റെ ഒരു ഭാഗം നിര്‍ബന്ധമായും രൂപയും ദിര്‍ഹവും ഉപയോഗിച്ച് സെറ്റില്‍ ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഡോളര്‍ ആശ്രയത്വം പരവമാവധി കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം വ്യാപാര ഇടപാടുകളില്‍ ഡോളര്‍ ഒഴിവാക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന ഭീഷണിയുമായി അമെരിക്കയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത്തരം നീക്കങ്ങള്‍ കൈകൊള്ളുന്ന രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് 100% തീരുവ ഏര്‍പ്പെടുത്തും. ലോക രാജ്യങ്ങളുടെ വിദേശ നാണയ ശേഖരത്തില്‍ ഡോളറിന്‍റെ അപ്രമാധിത്വം നിലനിർത്തുമെന്നും ട്രംപ് ഉറപ്പുനല്‍കി.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ