തളരുന്നു... 
Business

വ്യവസായ മേഖല തളരുന്നു...

രൂപയുടെ ദൗര്‍ബല്യം ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ഉപയോഗത്തില്‍ കുറവുണ്ടാകുമെന്നും അനലിസ്റ്റുകള്‍ പറയുന്നു.

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യത്തെ വ്യവസായിക മേഖലയില്‍ തളര്‍ച്ച ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകളനുസരിച്ച് ഓഗസ്റ്റില്‍ വ്യാവസായിക ഉത്പാദന സൂചിക 0.1 ശതമാനമായി ഇടിഞ്ഞു. ജൂലൈയില്‍ വ്യവസായ ഉത്പാദനത്തില്‍ 4.7% വർധനയുണ്ടായിരുന്നു.

ഖനന, വൈദ്യുതി ഉത്പാദന മേഖലകളിലെ തളര്‍ച്ചയാണ് പ്രധാനമായും വ്യാവസായിക മേഖലയില്‍ തളര്‍ച്ച ശക്തമാക്കുന്നത്. ഇതോടൊപ്പം മാനുഫാക്ച്ചറിങ് മേഖലയിലെ ഉത്പാദനത്തിലും കനത്ത ഇടിവ് ദൃശ്യമായി. ഖനന മേഖലയിലെ ഉത്പാദനത്തില്‍ ജൂലൈയില്‍ 4.3% ഇടിവുണ്ടായി. ജൂലൈയില്‍ ഖനന രംഗത്ത് 3.8% വളര്‍ച്ചയാണുണ്ടായത്. വൈദ്യുതി ഉത്പാദനത്തില്‍ 3.7% കുറവുണ്ടായി. മാനുഫാക്ച്ചറിങ് മേഖലയിലെ ഉത്പാദന വളര്‍ച്ച ജൂലൈയിലെ 4.4 ശതമാനത്തില്‍ നിന്നും ഓഗസ്റ്റില്‍ ഒരു ശതമാനമായി കുറഞ്ഞു.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തില്‍ വ്യാവസായിക ഉത്പാദനത്തില്‍ 4.2% വളര്‍ച്ചയാണുണ്ടായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ വളര്‍ച്ച 6.2 ശതമാനമായിരുന്നു. വ്യാവസായിക മേഖലയിലെ തളര്‍ച്ച ശക്തമായതോടെ ഡിസംബറില്‍ നടക്കുന്ന ധന അവലോകന നയത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കില്‍ അര ശതമാനം വരെ കുറവ് വരുത്താന്‍ സാധ്യതയേറി. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വിപണിയിലെ പണ ലഭ്യതയിലുണ്ടായ കുറവും നാണയപ്പെരുപ്പ ഭീഷണിയും ഇന്ത്യയുടെ വ്യവസായ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിലേക്ക് കുതിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ ഭവന,വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന മേഖലകളില്‍ തളര്‍ച്ച കൂടുതല്‍ രൂക്ഷമാകുമെന്ന് കമ്പനികള്‍ വിലയിരുത്തുന്നു. ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 84 കടന്ന് താഴേക്ക് നീങ്ങുന്നതും പുതിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. രൂപയുടെ ദൗര്‍ബല്യം ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ഉപയോഗത്തില്‍ കുറവുണ്ടാകുമെന്നും അനലിസ്റ്റുകള്‍ പറയുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ