ചുവപ്പണിഞ്ഞ്... 
Business

ചുവപ്പണിഞ്ഞ്...

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഒക്റ്റോബറില്‍ 82,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

ബിസിനസ് ലേഖകൻ

കൊച്ചി: മാന്ദ്യം ശക്തമാകുമെന്ന ആശങ്കകളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ കനത്ത തകര്‍ച്ച സൃഷ്ടിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 930.55 പോയിന്‍റ് ഇടിഞ്ഞ് 80,220.72ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 309 പോയിന്‍റ് തകര്‍ച്ചയോടെ 24,472.10ലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം ഇന്നലെ 9.34 ലക്ഷം കോടി രൂപ ഇടിഞ്ഞ് 444.31 ലക്ഷം കോടി രൂപയിലെത്തി. പൊതുമേഖല ബാങ്ക് ഓഹരികളാണ് ഇന്നലെ ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. റിയല്‍ എസ്റ്റേറ്റ്, വാഹന, മാധ്യമ, കണ്‍സ്യൂമര്‍ ഗുഡ്സ് മേഖലകളിലെ ഓഹരികളിലും വിൽപ്പന സമ്മർദം ശക്തമായി. ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളും വന്‍ തകര്‍ച്ച നേരിട്ടു. ഭാരത് ഇലക്‌ട്രോണിക്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനിഎന്‍റര്‍പ്രൈസസ്, കോള്‍ ഇന്ത്യ, എസ്ബിഐ എന്നിവയുടെ ഓഹരി വില നാല് ശതമാനത്തിനടുത്ത് കുറഞ്ഞു. ആഗോള, വിദേശ ധനകാര്യ ലാഭമെടുപ്പ് ശക്തമാക്കിയതാണ് പ്രധാനമായും തിരിച്ചടി സൃഷ്ടിച്ചത്.

ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ പ്രമുഖ കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ നിരാശപ്പെടുത്തിയതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. സാമ്പത്തിക മേഖലയിലെ തളര്‍ച്ച ശക്തമായതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികളിലെ വിൽപ്പന സമ്മർദം ഇന്ത്യയിലും അനുരണനങ്ങള്‍ സൃഷ്ടിക്കുകയാണ്. അമെരിക്കയില്‍ കടപ്പത്രങ്ങളുടെയും ഡോളറിന്‍റെയും മൂല്യം ഉയരുന്നതിനാല്‍ നിക്ഷേപകര്‍ ഓഹരി വിപണിയെ കൈയ്യൊഴിഞ്ഞ് പണം തിരികെ കൊണ്ടുപോകുകയാണ്. അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചാല്‍ ചുങ്കങ്ങളും നികുതിയും കൂടാനുള്ള സാധ്യത ഡോളറിന് കരുത്ത് കൂട്ടുന്നതും ഇന്ത്യയ്ക്ക് പ്രതികൂലമായി. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഒക്റ്റോബറില്‍ 82,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

വിപണിയിലെ സമ്മർദം തുടരുമെന്നാണ് ആഗോള, ആഭ്യന്തര ധനസാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നാണയപ്പെരുപ്പം കൂടുന്നതും രൂപയുടെ മൂല്യ ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡിസംബര്‍ വര തുടരുമെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യം ഇടിയുന്നത് കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തെ പ്രതികൂലമായി ബാധിക്കും.

ആദ്യ ദിനം അടിതെറ്റി ഹ്യുണ്ടായ് ഓഹരികള്‍

ഏറെ പ്രതീക്ഷയോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത പ്രമുഖ കൊറിയന്‍ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായ് ഇന്ത്യയുടെ ഓഹരികള്‍ ആദ്യ ദിനത്തില്‍ തന്നെ അടിതെറ്റി. ഓഹരി ഒന്നിന് 1,960 രൂപയില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ 1,819 രൂപ വരെ ഇടിഞ്ഞാമ് വ്യാപാരം പൂര്‍ത്തിയാക്കിയത്. വാഹന വിപണിയിലെ തളര്‍ച്ച കണക്കിലെടുത്ത് ചെറുകിട നിക്ഷേപകര്‍ വാങ്ങല്‍ താത്പര്യം പ്രകടിപ്പിക്കാത്തതാണ് വിനയായത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ