Bulls & Bears | കെ.ബി. ഉദയഭാനു
വിദേശ ഓപ്പറേറ്റര്‍മാര്‍ വീണ്ടും വില്‍പ്പനയുടെ മാധുര്യം നുകരാന്‍ രംഗത്ത് ഇറങ്ങി. പുതുവര്‍ഷത്തിലെ ആദ്യ മൂന്നാഴ്ച്ചകളില്‍ അടിക്കടി റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ സെന്‍സെക്‌സിനും നിഫ്റ്റിക്കും പിന്നിട്ട വാരത്തിന്‍റെ രണ്ടാം പകുതിയില്‍ കാലിടറി. വാരമധ്യം മുതല്‍ വിദേശ ഇടപാടുകാര്‍ വില്‍പ്പനയുടെ കെട്ടഴിച്ചതോടെ വിപണി ആടി ഉലഞ്ഞു. ബോംബെ സൂചിക 1144 പോയിന്‍റും നിഫ്റ്റി സൂചിക 322 പോയിന്‍റും പ്രതിവാര നഷ്ടത്തിലാണ്.
ബോംബെ സൂചിക 72,568 പോയിന്‍റില്‍ നിന്നും 72,720 റെക്കോര്‍ഡ് തകര്‍ത്ത് 73,410 വരെ കയറി പുതിയ റെക്കോഡ് സ്ഥാപിച്ചു. ഇതിനിടയില്‍ വിദേശ ഫണ്ടുകള്‍ മുന്‍നിര ഓഹരികളില്‍ വില്‍പ്പനകാരായതോടെ സൂചിക വാരമധ്യം 70,665 ലേക്ക് ഇടിഞ്ഞു. എന്നാല്‍ ഇതിന് ശേഷം ചെറിയ തിരിച്ചുവരവില്‍ 71,935 വരെ കയറിയെങ്കിലും ശനിയാഴ്ച്ച നടന്ന പ്രത്യേക വ്യാപാരത്തില്‍ സെന്‍സെക്‌സ് 71,423ല്‍ ക്ലോസിങ് നടന്നു. ഈ വാരം 70,255ലും 69,087ലും വിപണിക്ക് താങ്ങ് പ്രതീക്ഷിക്കാം, സൂചികയുടെ പ്രതിരോധ മേഖല 72,991ലാണ്.
നിഫ്റ്റി സൂചിക മുന്‍വാരത്തിലെ 21,894ല്‍ നിന്നും ആദ്യ പ്രതിരോധമായ 22,055ലെ തടസം മറികടന്ന് പുതിയ റെക്കോര്‍ഡായ 22,123 പോയിന്‍റ് വരെസഞ്ചരിച്ചു. ഇതിന്മുകളില്‍ ഇടംപിടിക്കാനുള്ള വിപണിയുടെ ശ്രമങ്ങള്‍ക്കിടയില്‍ വിദേശ ഓപ്പറേറ്റര്‍മാരുടെ വില്‍പ്പന സമ്മര്‍ദം തിരിച്ചടിയായി. മുന്‍വാരം സൂചിപ്പിച്ച 21,605 ലെതാങ്ങ് തകര്‍ത്തത് കണ്ട് ഒരു വിഭാഗം ഇടപാടുകാര്‍ താഴ്ന്ന തലത്തില്‍ പുതിയ ബയ്യിങ്ങിന് ഉത്സാഹിച്ചു. നിഫ്റ്റിയിലെ തകര്‍ച്ച 21,285 വരെ തുടര്‍ന്ന ശേഷം വെളളിയാഴ്ച്ച 21,683ല്‍ ക്ലോസിങ് നടന്നു. എന്നാല്‍ ശനിയാഴ്ച്ച വിപണി വീണ്ടും ഇടിഞ്ഞ് നിഫ്റ്റി 21,571ല്‍ ക്ലോസിങ് നടന്നു. വില്‍പ്പന സമ്മര്‍ദം തുടര്‍ന്നാല്‍ നിഫ്റ്റി 21,202ലേക്കും അടുത്ത മാസം 20,833ലേക്കും പരീക്ഷണങ്ങള്‍ നടത്താം. ബുള്‍ ഓപ്പറേറ്റര്‍മാര്‍ വിപണിയില്‍ പിടിമുറുക്കിയാല്‍ നിഫ്റ്റി 22,034ലേക്ക് തിരിച്ചുവരവിന് ശ്രമം നടത്താം. വിപണിയുടെ സാങ്കേതിക വശങ്ങളിലേക്ക് തിരിഞ്ഞാല്‍ ബുള്ളിഷായി നീങ്ങിയ സൂപ്പര്‍ ട്രെൻഡ്, പാരാബോളിക്ക് എസ്ഏആര്‍ എന്നിവ വാരാന്ത്യം സെല്ലിങ് മൂഡിലേക്ക് തിരിഞ്ഞു.
നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്‌സ് പിന്നിട്ട വാരം 21,947 ല്‍ നിന്നും 21,604ലേക്ക് ഇടിഞ്ഞു. ഓപ്പണ്‍ ഇന്‍ററസ്റ്റ് തൊട്ട് മുന്‍വാരത്തില്‍ 138.5 ലക്ഷം കരാറില്‍ നിന്നും വാരാന്ത്യം 155 ലക്ഷം കരാറിലേക്ക് ഉയര്‍ന്നു. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധിപ്രഖ്യാപിച്ചു. വ്യാഴാഴ്ച്ചയാണ് ജനുവരി സീരീസ് സെറ്റില്‍മെന്‍റ്, അതായത് കേവലംമൂന്ന് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രം മുന്നിലുള്ള സാഹചര്യത്തില്‍ വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് ഇടയുണ്ട്.
ബിഎസ്ഇപിഎസ്യൂ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 5 ശതമാനത്തിന് അടുത്ത് മികവ് കാണിച്ചു. റിയാലിറ്റി, ബാങ്കെക്‌സ് സൂചികകള്‍ക്ക് തിരിച്ചടി നേരിട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി വില 10 ശതമാനത്തിന് അടുത്ത് ഇടിഞ്ഞ് 1478 രൂപയായി. ഇന്‍ഡസ് ബാങ്ക് 8 ശതമാനം കുറഞ്ഞ് 1534 രൂപയായി. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്‌യുഎല്‍, ടാറ്റാ സ്റ്റീല്‍, ആര്‍ഐഎല്‍ തുടങ്ങിയവയ്ക്കും തിരിച്ചടി നേരിട്ടു.
എച്ച്സിഎല്‍ ടെക്, ഇന്‍ഫോസീസ്, ടെക് മഹീന്ദ്ര, വിപ്രോ, എയര്‍ടെല്‍, സണ്‍ ഫാര്‍മ, എല്‍ ആൻഡ് ടി, ടാറ്റാ മോട്ടേഴ്‌സ്, മാരുതി, മഹിന്ദ്ര ആൻഡ് മഹിന്ദ്ര തുടങ്ങിയവയില്‍ വാങ്ങല്‍ താല്‍പര്യം ദൃശ്യമായി. എല്‍ഐസി ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 936 രൂപയിലാണ്. നവംബറില്‍ 600 രൂപയില്‍ നീങ്ങിയ ഓഹരി വില ജനുവരി ആദ്യം 717രൂപയിലായിരുന്നു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയ്ക്ക് വിണ്ടും തിരിച്ചടി. രൂപയുടെ മൂല്യം 82.92ല്‍ നിന്നും 82.77ലേക്ക് തുടക്കത്തില്‍ കരുത്ത് നേടിയെങ്കിലും പിന്നീട് 83.15ലേക്ക് ദുര്‍ബലമായി, വാരാന്ത്യം ഡോളറിന് മുന്നില്‍ രൂപ 83.07 ലാണ്.
ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 12,621 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും1909 കോടിയുടെ വില്‍പ്പനയുംനടത്തി. വിദേശ ഫണ്ടുകള്‍ 1743 കോടി നിക്ഷേപിച്ചു, അവരുടെമൊത്തം വില്‍പ്പന 24,716 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ വിദേശ ഫണ്ടുകള്‍ വിറ്റഴിച്ചത് 49,113 കോടി രൂപയുടെ ഓഹരികളാണ്. ബുള്‍ തരംഗം സൃഷ്ടിച്ച വിദേശ ഓപ്പറേറ്റര്‍മാരുടെ ചുവട് മാറ്റം പ്രദേശിക നിഷേപകരില്‍ ആശങ്ക ഉളവാക്കുന്നു. വിദേശ ഫണ്ടുകള്‍ ഹോങ്ങ്‌കോങ്, ദക്ഷിണ കൊറിയ, തായ്വാന്‍ വിപണികളിലും പിന്നിട്ട വാരം വില്‍പ്പനക്കാരുടെ മേലങ്കി അണിഞ്ഞു.
വിദേശ നാണയ കരുതല്‍ ശേഖരം ഉയര്‍ന്നു. കരുതല്‍ ധനം ജനുവരി 12ന് അവസാനിച്ച വാരം1.634 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 618.937 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക്.