വിപണികൾക്ക് ചരിത്രനേട്ടം Image by starline on Freepik
Business

വിപണികൾക്ക് ചരിത്രനേട്ടം

കൊച്ചി: ആഗോള മേഖലയിലെ അനുകൂല വാര്‍ത്തകളും വിദേശ നിക്ഷേപകരുടെ പണമൊഴുക്കും ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ റെക്കോഡ് ഉയരങ്ങളിലെത്തിച്ചു. ബിഎസ്ഇ സെന്‍സെക്സ് 568.93 പോയിന്‍റ് നേട്ടവുമായി 79,243.18ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 175.70 പോയിന്‍റ് നേട്ടത്തോടെ ചരിത്രത്തിലാദ്യമായി 24,000 കടന്ന് 24,044.50ല്‍ അവസാനിച്ചു.

അള്‍ട്രാടെക്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി കമ്പനികള്‍ തുടങ്ങിയവയാണ് വ്യാഴാഴ്ച മുന്നേറ്റത്തിന് നേതൃത്വം നല്‍കിയിയത്. ചെന്നൈ ആസ്ഥാനമായ ഇന്ത്യ സിമന്‍റ്സില്‍ 23.4 ശതമാനം ഓഹരി പങ്കാളിത്തം നേടാനുള്ള തീരുമാനമാണ് കമ്പനിയുടെ ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കിയത്.‌ജൂണില്‍ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 17,293 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. മൂന്ന് മാസത്തിനിടെ വിദേശ നിക്ഷേപകരുടെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ധനകാര്യ മേഖലയിലെ ഓഹരികളിലാണ് വിദേശ നിക്ഷേപം പ്രധാനമായി ലഭിച്ചത്. സ്വകാര്യ ബാങ്കുകളുടെ ഓഹരിയില്‍ നടപ്പുമാസം ഒന്‍പത് ശതമാനം വർധനയുണ്ടായി.

നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയതോടെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ പൂര്‍വാധികം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഇതിനൊപ്പം അമെരിക്കയിലെ കേന്ദ്രബാങ്കായി ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം തന്നെ പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷയും വിപണിക്ക് ആവേശം പകര്‍ന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.

നടപ്പു വര്‍ഷത്തെ ഏറ്റവും മികച്ച നേട്ടമാണ് ജൂണില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചത്. ജൂണ്‍ ആദ്യ വാരം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വന്‍ തകര്‍ച്ച നേരിട്ട ഓഹരി വിപണി പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി റെക്കോഡുകള്‍ കീഴടക്കി മുന്നേറുകയായിരുന്നു. ജൂണില്‍ സെന്‍സെക്സ് 6.72 ശതമാനവും നിഫ്റ്റി 7.14 ശതമാനവും നേട്ടമാണുണ്ടാക്കിയത്.

'അപ്പുറം പാക്കലാം, വെയ്റ്റ് ആൻഡ് സീ'; അൻവർ‌ സമ്മേളനവേദിയിൽ

'എടാ മോനെ ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്!'

മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കള്ളക്കടലിനു സാധ്യത

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

വയലാർ അവാർഡ് അശോകൻ ചരുവിലിന്