കുതിപ്പ് തുടർന്ന്... 
Business

കുതിപ്പ് തുടർന്ന്...

പുതിയ കേന്ദ്രബജറ്റിനുള്ള കാത്തിരിപ്പിനിടയില്‍ ഓഹരി സൂചിക വീണ്ടും റെക്കോഡ് പ്രകടനം കാഴ്ച്ചവെച്ചു. ധനമന്ത്രാലയത്തിന്‍റെ നീക്കങ്ങള്‍ വിപണിക്ക് അനുകൂലമായാല്‍ മുന്നിലുള്ള പത്ത് മാസങ്ങളില്‍ ഓഹരി സൂചികയില്‍ ചുരുങ്ങിയത് പത്ത് ശതമാനമെങ്കിലും കുതിച്ചുചാട്ടത്തിന് അവസരം തെളിയും. ഇന്ത്യന്‍ ഇന്‍ഡക്സുകള്‍ പിന്നിട്ടവാരത്തിലും തിളങ്ങിയെങ്കിലും ശതമാന കണക്കുകളിലേക്ക് തിരിഞ്ഞാല്‍ നേട്ടം ഒരു ശതമാനത്തില്‍ താഴെയാണ്. ബോംബെ സൂചിക 299 പോയിന്‍റും നിഫ്റ്റി സൂചിക 175 പോയിന്‍റും വർധിച്ചു. ബക്രീദ് പ്രമാണിച്ച് ഇന്ന് വിപണി അവധിയാണ്.

വിദേശ ഫണ്ടുകള്‍ പോയവാരം 5175 കോടി രൂപയുടെ നിക്ഷേപം നടത്തിയത് സൂചികയുടെ റെക്കോഡ് കുതിപ്പിന് വഴിതെളിച്ചു. രണ്ട് ദിവസങ്ങളിലായി അവര്‍ 3144 കോടി രൂപയുടെ വില്‍പ്പനയും നടത്തി. ആഭ്യന്തര ഫണ്ടുകള്‍ 6847 കോടി രൂപ നിക്ഷേപിച്ചു. 554 കോടി രൂപയുടെ ബാധ്യതകള്‍ ഒഴിവാക്കുകയും ചെയ്തു. ബിഎസ്ഇ സ്മോള്‍ക്യാപ്, മിഡ്ക്യാപ്, ലാര്‍ജ്ക്യാപ് സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരം ദര്‍ശിച്ചു. ബിഎസ്ഇ ക്യാപിറ്റല്‍ ഗുഡ്സ്, റിയാലിറ്റി, ടെലികോം, ഓയില്‍ & ഗ്യാസ് സൂചികകള്‍ നാല് മുതല്‍ ആറ് ശതമാനം വരെ ഉയര്‍ന്നു.

ഹെവിവെയ്‌റ്റ് ഓഹരികളായ എം ആൻഡ് എം, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, ആര്‍ഐഎല്‍, എയര്‍ടെല്‍ തുടങ്ങിയവ മുന്നേറി. വില്‍പ്പന സമ്മർദം ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌യുഎല്‍ ഓഹരികളെ തളര്‍ത്തി.

ബോംബെ സൂചിക റെക്കോഡ് പ്രകടനമാണ് നടത്തിയത്. മുന്‍വാരത്തിലെ 76,693ല്‍ നിന്നും വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 77,145 പോയിന്‍റ് വരെ സഞ്ചരിച്ച ശേഷം വാരാന്ത്യം 76,992ലാണ്. സാങ്കേതികമായി വീക്ഷിച്ചാല്‍ ഡെയ്‌ലി ചാര്‍ട്ടില്‍ സൂപ്പര്‍ ട്രെൻഡ് സെല്ലിങ് മൂഡിലും പാരാബോളിക് ബുള്ളിഷുമാണ്. അനുകൂല വാര്‍ത്തകള്‍ക്ക് സൂചികയെ 77,314- 77,636ലേക്കും ഉയര്‍ത്താനാവും. വില്‍പ്പന സമ്മര്‍ദമുണ്ടായാല്‍ 76,500-76,008 താങ്ങുണ്ട്. നിഫ്റ്റി സൂചിക 23,390 പോയിന്‍റില്‍ നിന്നും 23,217ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവില്‍ 23,490 വരെ കയറി റെക്കോഡ് സ്ഥാപിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 23,451ലാണ്. ഈ വാരം 23,555ലെ ആദ്യതടസം മറികടന്നാല്‍ 23,650 വരെ ഉയരാനാവും. പ്രതികൂല വാര്‍ത്തകള്‍ പുറത്തുവന്നാല്‍ 23,382-23,113ല്‍ സപ്പോര്‍ട്ടുണ്ട്.

നിഫ്റ്റി ജൂണ്‍ സീരീസ് 23,334ല്‍ നിന്നും 23,466ലേക്ക് ഉയര്‍ന്നു. വിപണിയിലെ ഓപ്പണ്‍ ഇന്‍ററസ്റ്റ് 146.3 ലക്ഷം കരാറുകളില്‍ നിന്ന് 149 ലക്ഷം കരാറായി. വിനിമയ വിപണിയില്‍ യുഎസ് ഡോളറിന് മുന്നില്‍ രൂപ 83.46ല്‍ നിന്നും 83.56ലേക്ക് ദുര്‍ബലമായി.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ നാല് ശതമാനം മുന്നേറി. എണ്ണ ഉത്പാദനം നിയന്ത്രിക്കാന്‍ ഒരുവശത്ത് നീക്കങ്ങള്‍ തുടങ്ങിയതും വേനല്‍ക്കാല ഡിമാൻഡ് ഇന്ധനങ്ങളുടെ ആവശ്യകത വർധിപ്പിക്കുമെന്ന സൂചനയും എണ്ണ വിപണി ചൂടുപിടിക്കാന്‍ അവസരമൊരുക്കി. ഓഗസ്റ്റ് അവധി ബാരലിന് 82.65 ഡോളറിലെത്തി, 2023ല്‍ ഇതേ സന്ദര്‍ഭത്തെ അപേക്ഷിച്ച് നിരക്ക് ഏഴ് ശതമാനം കൂടുതലാണ്. ഡോളര്‍ മൂല്യത്തില്‍ ചാഞ്ചാട്ടം സംഭവിച്ചാല്‍ എണ്ണ വില 90 ഡോളര്‍ വരെ ഉയരാം.

ന്യൂയോര്‍ക്കില്‍ സ്വര്‍ണം മുന്‍വാരത്തിലെ 2292 ഡോളറില്‍ നിന്നും 2338ലേക്ക് ഉയര്‍ന്ന ശേഷം വാരാന്ത്യം 2332 ഡോളറിലാണ്.

'അപ്പുറം പാക്കലാം, വെയ്റ്റ് ആൻഡ് സീ'; അൻവർ‌ സമ്മേളനവേദിയിൽ

സ്വന്തമായി 'മാജിക് മഷ്റൂം ഫാം'; വയനാട്ടിൽ ലഹരിക്കടത്തിനിടെ ബംഗളൂരു സ്വദേശി പിടിയിൽ

'എടാ മോനെ ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്!'

മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കള്ളക്കടലിനു സാധ്യത

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം