Tamil Nadu Chief Minister MK Stalin speaks during the investment meet 
Business

തമിഴ്നാട് നിക്ഷേപ സംഗമത്തില്‍ വന്‍ പണമൊഴുക്ക്

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള, ആഭ്യന്തര മേഖലയിലെ വന്‍കിട ഗ്രൂപ്പുകള്‍ വമ്പന്‍ നിക്ഷേപ താത്പര്യവുമായി തമിഴ്നാട് സര്‍ക്കാരുമായി കൈകോര്‍ക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ചെന്നൈയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തില്‍ 300 പുതിയ ധാരണാപത്രങ്ങളാണ് വിവിധ കമ്പനികളുമായി സര്‍ക്കാര്‍ ഒപ്പുവച്ചത്.

ടാറ്റ ഇലക്‌ട്രോണിക്സ്, പെഗാട്രോണ്‍, ജെഎസ്ഡബ്ല്യു, ടിവിഎസ് ഗ്രൂപ്പ്, മിത്സുബിഷി ഇലക്‌ട്രിക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളാണ് നിക്ഷേപത്തിനൊരുങ്ങുന്നത്. കൃഷ്ണഗിരി ജില്ലയിലെ മൊബൈല്‍ ഫോണ്‍ അസംബ്ലിങ് യൂണിറ്റ് വികസനത്തിനായി 12,082 കോടി രൂപ ടാറ്റ ഇലക്‌ട്രോണിക്സ് നിക്ഷേപിക്കും. കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ഐഫോണുകളുടെ നിർമാണ ഫാക്റ്ററി ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടില്‍ ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ 40,500 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

സിംഗപ്പൂരിലെ വിവിധ കമ്പനികള്‍ ചേര്‍ന്ന് തമിഴ്നാട്ടില്‍ വിവിധ പദ്ധതികളിലായി 31,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സിംഗപ്പൂര്‍ ഹൈകമ്മിഷണര്‍ സൈമണ്‍ വോങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നടത്തിയ സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ ധാരണയെത്തിയിരുന്നു. ജെഎസ്ഡബ്ല്യു റിന്യൂവബിള്‍ 12,000 കോടി രൂപ നിക്ഷേപിക്കാനാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

തൂത്തുകുടി, തിരുനല്‍വേലി ജില്ലകളില്‍ ഹരിത ഇന്ധന ഉത്പാദന മേഖലയിലെ പദ്ധതികളിലൂടെ 6,600 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. റിയല്‍റ്റി, ഓട്ടൊമൊബൈല്‍, ഐടി മേഖലകളില്‍ 50,000 കോടി രൂപ നിക്ഷേപിക്കാനാണ് ടിവിഎസ് ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവെച്ചത്. കാഞ്ചീപുരം ജില്ലയില്‍ ഇലക്‌ട്രോണിക് വാഹനങ്ങളുടെയും ഇലക്‌ട്രിക് ബാറ്ററികളുടെയും പുതിയ ഫാക്റ്ററി ആരംഭിക്കുന്നതിനായി ഹ്യുണ്ടായ് 6,180 കോടി രൂപ നിക്ഷേപിക്കുന്നതിനാണ് തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചത്.

ആപ്പിള്‍ ഫോണുകളുടെ നിർമാണ രംഗത്തെ പ്രമുഖരായ തായ്‌വാനിലെ പെഗാട്രോണ്‍ 1000 കോടി രൂപയുടെ നിക്ഷേപത്തില്‍ നിലവിലുള്ള ഫാക്റ്ററി വികസിപ്പിക്കുന്നതിനാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. മിത്സുബിഷി ഇലക്‌ട്രിക് 250 കോടി രൂപയുടെ നിക്ഷേപത്തില്‍ ഗുമ്മിഡിപൂന്‍ഡിയിലെ എ സി നിർമാണ ഫാക്റ്ററി വികസിപ്പിക്കാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

തമിഴ്നാടിനെ ഒരു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള വലിയ സാമ്പത്തിക ശക്തിയായി വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ആഗോള നിക്ഷേപ സംഗമം സംഘടിപ്പിച്ചത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു