tea plantation 
Business

തേയിലത്തോട്ടം മേഖലയ്ക്കും പ്രതിസന്ധി

ധനകാര്യ പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ 60% തേയില തോട്ടമുടമകളും നീങ്ങുന്നത്.

ബിസിനസ് ലേഖകൻ

ഉത്പാദന ചെലവിലെ ഗണ്യമായ വർധനയും വിപണിയിലെ അനിശ്ചിതത്വവും കാരണം രാജ്യത്തെ തേയിലത്തോട്ടം മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഉത്പാദന ചെലവിന് ആനുപാതികമായ വിപണി വില ലഭിക്കാത്തതിനാല്‍ തേയില കൃഷി വ്യാപകമായ പ്രമുഖ സംസ്ഥാനങ്ങളിലെല്ലാം വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ തോട്ടങ്ങള്‍ പരിപാലിക്കാതെ ഉപേക്ഷിക്കുകയാണ്.

രാജ്യത്തെ മുന്‍നിര തേയില ഉത്പാദന മേഖലയായ ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ മറ്റ് വിളകളിലേക്ക് മാറുകയാണ്. രാജ്യാന്തര വിപണിയില്‍ മത്സരം രൂക്ഷമായതോടെ കയറ്റുമതി രംഗത്തും ഇന്ത്യന്‍ തേയിലയ്ക്ക് വെല്ലുവിളി ഏറുകയാണ്. രണ്ടു വര്‍ഷക്കാലയളവില്‍ നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുത്തനെ വർധിപ്പിച്ചതോടെ വായ്പകളുടെ പ്രതിമാസ തിരിച്ചടവുകള്‍ പോലും മുടങ്ങുന്ന തരത്തിലുളള ധനകാര്യ പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ 60% തേയില തോട്ടമുടമകളും നീങ്ങുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആഭ്യന്തര വിപണിയില്‍ തേയില വിലയില്‍ പ്രതിവര്‍ഷം ശരാശരി നാലു ശതമാനം വർധനയാണുണ്ടായതെന്ന് ഇന്ത്യന്‍ ടീ ട്രേഡ് അസോസിയേഷന്‍റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തൊഴിലാളികളുടെ വേതനം, ഇന്ധന ചെലവ്, വളങ്ങള്‍, കീടനാശിനികള്‍, കൈകാര്യ ചെലവ് എന്നിവയില്‍ 40 മുതല്‍ 50% വരെ വർധനയാണുണ്ടായതെന്നും തേയില തോട്ടമുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം അസം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചെറുകിട, ഇടത്തരം തോട്ടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വന്‍ വർധനയുണ്ടായതിനാല്‍ തേയില ഉത്പാദനത്തിലും വലിയ വളര്‍ച്ചയുണ്ടായെന്ന് വ്യാപാരികള്‍ പറയുന്നു. അതിനാല്‍ വിപണിയിലെത്തുന്ന തേയില പൂര്‍ണമായും ശേഖരിക്കാന്‍ വിപണന കമ്പനികള്‍ക്ക് പരിമിതിയുണ്ട്. നടപ്പുവര്‍ഷം ഇന്ത്യയിലെ വില മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ കുറവുണ്ടായതാണ് തേയില ഉത്പാദകരെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.

ഓര്‍ത്തഡോക്‌സ്, സിടിസി, പൊട്ടിത്തേയില എന്നീ വിഭാഗങ്ങളിലെ തേയില തരങ്ങള്‍ക്ക് നടപ്പു വര്‍ഷം കിലോഗ്രാമിന് 19 രൂപ മുതല്‍ 95 രൂപ വരെ ഇടിവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം നടപ്പുവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതിയിലും എട്ടു ശതമാനത്തിനടുത്ത് കുറവുണ്ടായി. ഇറാന്‍, ഈജിപ്ത് തുടങ്ങിയ വിപണികളില്‍ ഇന്ത്യന്‍ തേയിലയുടെ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടതും വെല്ലുവിളി സൃഷ്ടിക്കുന്നു. ഇന്ത്യന്‍ തേയിലത്തോട്ടങ്ങള്‍ പുതിയ സാങ്കേതിക വിദ്യകളും വിള ഇനങ്ങളും പ്രയോജനപ്പെടുത്തി ആധുനികവത്കരണത്തിലേക്ക് നീങ്ങാത്തതിനാല്‍ ഉത്പാദന ക്ഷമത കുറഞ്ഞതാണ് പ്രതിസന്ധിയുടെ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?