ബിസിനസ് ലേഖകൻ
കൊച്ചി: ക്രൂഡ് ഓയില്‍ വിലയിലെ വന്‍ കുതിപ്പും സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വും രാജ്യത്തെ പ്രമുഖ ടയര്‍ ഉത്പാദക കമ്പനികളുടെ ലാഭത്തില്‍ വന്‍ വർധന സൃഷ്ടിക്കുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മുന്‍നിര കമ്പനികളെല്ലാം ലാഭത്തില്‍ റെക്കോഡ് വളര്‍ച്ചയാണ് നേടിയത്.
എംആര്‍എഫ്, ജെകെ ടയര്‍, അപ്പോളോ ടയര്‍ എന്നിവയുടെയെല്ലാം ലാഭം ഈ കാലയളവില്‍ അഞ്ചിരട്ടി വരെ ഉയര്‍ന്നു. അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി കുറഞ്ഞിട്ടും ടയര്‍ വിലയില്‍ കുറവ് വരുത്താതിരുന്നതാണ് കമ്പനികള്‍ക്ക് നേട്ടമാകുന്നത്. ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുന്നതും കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുന്നതും കാരണം ഓട്ടൊമൊബൈല്‍ വിപണി വന്‍ കുതിപ്പാണ് നേടുന്നതെന്ന് കമ്പനികള്‍ പറയുന്നു. ഇതോടൊപ്പം കാര്‍ഷിക, ഗ്രാമീണ മേഖലയിലെ ഉണര്‍വും വാഹന വിപണിക്ക് കരുത്താകുന്നു. ഫോസില്‍ അധിഷ്ഠിത വാഹനങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വെഹിക്കിള്‍സിന്റെയും വില്‍പ്പന മികച്ച വളര്‍ച്ച നേടുന്നതിനാല്‍ ടയര്‍ ഉപയോഗത്തില്‍ ഗണ്യമായ വർധന സൃഷ്ടിക്കുന്നു.
രാജ്യത്തെ മുന്‍നിര ടയര്‍ കമ്പനിയായ എംആര്‍എഫിന്റെ അറ്റാദായം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 351 ശതമാനം ഉയര്‍ന്ന് 586 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ എംആര്‍എഫിന്റെ അറ്റാദായം 129 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ ആറ് ശതമാനം വർധിച്ച് 6217 കോടി രൂപയിലെത്തി. എംആര്‍എഫിന്റെ ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 169 രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1690 ശതമാനം ലാഭവിഹിതം നല്കി കമ്പനി ചരിത്രം സൃഷ്ടിച്ചു. ഇതോടെ എംആര്‍എഫിന്റെ ഓഹരി വില നിലവില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്. ജെകെ ടയേഴ്സിന്റെ അറ്റാദായം ഇക്കാലയളവില്‍ അഞ്ചിരട്ടി ഉയര്‍ന്ന് 248.6 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 3.8 ശതമാനം ഉയര്‍ന്ന് 3, 897 കോടി രൂപയായി.
രാജ്യത്തെ റോഡ് കണക്റ്റിവിറ്റി മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ മെച്ചപ്പെട്ടതോടെ പാസഞ്ചര്‍ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന തുടര്‍ച്ചയായി വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള പുതിയ സ്ക്രാപ്പേജ് പോളിസിയും ടയര്‍ വിപണിക്ക് അനുകൂല ഘടകമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള ടയര്‍ കയറ്റുമതിയിലും ഗണ്യമായ വർധനയാണ് ദൃശ്യമാകുന്നത്.
ചൈന കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമാക്കിയതും യൂറോപ്പിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനാൽ ആഗോള വാഹന നിർമാതാക്കള്‍ ഇന്ത്യയില്‍ നിന്നും കൂടുതലായി ടയര്‍ വാങ്ങാന്‍ തുടങ്ങിയെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ടയര്‍ കയറ്റുമതി രംഗത്ത് 15 ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്.