ബിസിനസ് ലേഖകൻ
കൊച്ചി: സാമ്പത്തിക മേഖല മികച്ച വളര്‍ച്ചാ മോഡിലേക്ക് നീങ്ങിയതോടെ രാജ്യത്തെ ഭവന വായ്പാ വിതരണ രംഗത്തുള്ള ധനകാര്യ കമ്പനികളുടെ ബിസിനസിലും ലാഭത്തിലും വന്‍ മുന്നേറ്റം ദൃശ്യമാകുന്നു. വ്യക്തിഗത വരുമാനത്തിലുണ്ടായ സുസ്ഥിര വർധനയും കാര്‍ഷിക രംഗത്തെ മികച്ച വളര്‍ച്ചയുടെ ബലത്തില്‍ ഗ്രാമീണ മേഖലയിലെ വരുമാനത്തിലുണ്ടായ കുതിപ്പും കാരണം ഭവന വായ്പകള്‍ക്ക് ആവശ്യമേറിയതാണ് ഇവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഭവന നിർമാണ മേഖലയ്ക്കുള്ള വായ്പാ വിതരണത്തില്‍ 40 ശതമാനത്തിലധികം വർധനയുണ്ടായെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഭവന വായ്പകളുടെ വിതരണത്തില്‍ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ പരമ്പരാഗത രീതികള്‍ അവലംബിച്ചപ്പോള്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നിബന്ധനകളില്‍ പരമാവധി അയവ് വരുത്തി കൂടുതല്‍ ബിസിനസ് ആകര്‍ഷിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ കമ്പനിയായ എച്ച്ഡിഎഫ്സി മുതല്‍ പ്രാദേശിക ഭവന വായ്പാ സ്ഥാപനങ്ങള്‍ക്ക് വരെ ഇക്കാലയളവില്‍ മികച്ച ബിസിനസ് വളര്‍ച്ച നേടാനായെന്ന് കൊച്ചി ആസ്ഥാനമായ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഭവന വായ്പാ ബിസിനസിലുണ്ടായ മികച്ച വളര്‍ച്ചയുടെ കരുത്തില്‍ ഈ കമ്പനികളുടെ ഓഹരി വിലയിലും വന്‍ കുതിപ്പാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദൃശ്യമായത്. ചെറുകിട, ഇടത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇക്കാലയളവില്‍ മൂന്നിരട്ടി വരെയാണ് കൂടിയത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത പ്രമുഖ എട്ട് ഹൗസിങ് ഫിനാന്‍സ് കമ്പനികളില്‍ ആറെണ്ണത്തിന്റെ ഓഹരി വിലയില്‍ 20 മുതല്‍ 200 ശതമാനം വരെ വില വർധനയുണ്ടായി. നാണയപ്പെരുപ്പം നേരിടാനായി റിസര്‍വ് ബാങ്ക് മുഖ്യ പലിശ ആറുതവണയായി 2.5 ശതമാനം വർധിപ്പിച്ചതോടെ കമ്പനികളുടെ ലാഭ മാര്‍ജിന്‍ കുത്തനെ കൂടിയതാണ് നിക്ഷേപകരെ ഹൗസിങ് സ്ഥാപനങ്ങളിലേക്ക് കൂടുതലായി ആകര്‍ഷിച്ചത്.
രാജ്യത്തെ പ്രമുഖ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ റെപ്കോയുടെ ഓഹരി വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 160 ശതമാനം വർധനയാണുണ്ടായത്. വരുമാനത്തിലും ക്യാഷ് ഫ്ളോയിലും ലാഭത്തിലും ഓരോ ത്രൈമാസത്തിലും കമ്പനി സ്ഥിരമായി മികച്ച വളര്‍ച്ചയാണ് നേടുന്നത്. മറ്റൊരു പ്രമുഖ ധനകാര്യ സ്ഥാപനമായ പിഎബി ഹൗസിങ് ഫിനാന്‍സ് കമ്പനിയുടെ ഓഹരി വില ഒരു വര്‍ഷത്തിനുള്ളില്‍ 106 ശതമാനമാണ് വര്‍ധന നേടിയത്. ഹൗസിങ് ആന്‍ഡ് അര്‍ബര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഓഹരി വില ഇക്കാലയളവില്‍ 70 ശതമാനം ഉയര്‍ന്ന് 63 രൂപയിലെത്തി. എച്ച്ഡിഎഫ്സി, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് എന്നിവയുടെ ഓഹരികളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച വളര്‍ച്ച നേടി.