തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം മുതൽ യുകെയിലേയ്ക്ക് പ്രതിവര്‍ഷം ആയിരം റിക്രൂട്ട്മെന്‍റുകള്‍ നടത്താൻ ധാരണ. ഇതിനുവേണ്ടി റിക്രൂട്ട്മെന്‍റ് നടപടികള്‍ വേഗത്തിലാക്കും. തിരുവനന്തപുരം സന്ദർശിച്ച യുകെ സംഘം നോര്‍ക്ക അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (NHS) പ്രതിനിധിസംഘമാണ് നോര്‍ക്ക അധികൃതരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയത്. ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ കൂടാതെ ആരോഗ്യമേഖലയില്‍ നിന്നുളള മറ്റ് പ്രൊഷണലുകള്‍ക്കൂടി അവസരം ലഭ്യമാക്കുന്ന രീതിയിലാണ് നടപടികൾ. യുകെയിലേക്കുളള റിക്രൂട്ട്മെന്‍റ് നടപടികള്‍ നിശ്ചിതസമയപരിധിക്കുളളില്‍ സാധ്യമാക്കുന്നതിനുളള നിർദേശങ്ങളും, പ്രത്യേക റിക്രൂട്ട്മെന്‍റ് പോര്‍ട്ടലിന്‍റെ സാധ്യതകളും ചര്‍ച്ച ചെയ്തു.
കെയര്‍ ഹോമുകളിലേക്കുളള സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെ സാധ്യതകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്നുളള നഴ്സുമാരുടെ തൊഴില്‍നൈപുണ്യം മികച്ചതാണെന്ന് യുകെ സംഘം ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്കുകൂടി ഉപകാരപ്രദമാകും വിധം റിക്രൂട്ട്മെന്‍റ് രീതിയില്‍ മാറ്റത്തിനും നിര്‍ദേശമുണ്ടായി. റിക്രൂട്ട്മെന്‍റുകള്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന് ഉതകും വിധം നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് വിഭാഗം പുനക്രമീകരിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.