ബാങ്കുകളിൽ 9505 ഒഴിവ്. പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി 6,128 ഒഴിവുണ്ട്. കേരളത്തിൽ 106 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ജൂലൈ 21 വരെ.
നിയമനം 11 ബാങ്കുകളിൽ
ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം.
പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ തസ്തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പതിനാലാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഈ പരീക്ഷ എഴുതിയവരെ മാത്രമേ ഈ ബാങ്കുകളിൽ അടുത്ത സാന്പത്തികവർഷത്തെ (2025-26) ക്ലാർക്ക് നിയമനങ്ങൾക്കു പരിഗണിക്കൂ. മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.
2026 മാർച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനം/ കേന്ദ്രഭരണപ്രദേശത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ കേന്ദ്രത്തിൽ പരീക്ഷ എഴുതണം.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൈസ്കൂൾ/കോളെജ് ൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം) ഉള്ളവർക്കു മുൻഗണന. 2024 ജൂലൈ 21 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. പ്രായം: 2024 ജൂലൈ 1 ന് 20-28 (അർഹർക്ക് ഇളവ്).
പരീക്ഷ: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓണ്‍ലൈൻ പരീക്ഷയാണ്. പ്രിലിമിനറി പരീക്ഷ ഓഗസ്റ്റിൽ നടത്തും. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണു പ്രിലിമിനറി, മെയിൻ പരീക്ഷ ഒക്റ്റോബറിൽ. രണ്ടിനും ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുമുണ്ട്. മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്.
കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു പരീക്ഷാമാധ്യമമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ തെരഞ്ഞെടുക്കാം. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷയ്ക്കു കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവുമാണു കേരളത്തിലെ കേന്ദ്രങ്ങൾ.
ഫീസ്: 850 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർക്കു 175 രൂപ). ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഓണ്‍ലൈൻ അപേക്ഷ www.ibps.in എന്ന വെബ്സൈറ്റ് വഴി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.